a-raja

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്‌ക്കെതിരായി സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എ. രാജയെ 48 മണിക്കൂർ സമയത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ രാജയ്‌ക്കെതിരെ പാർട്ടി നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. രാജ വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

ഡിഎംകെയുടെ താരപ്രചാരകനായ എ.രാജ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ വിവാദ പരാമർശം നടത്തിയത്. ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ നടത്തിയ പ്രസംഗം അപകീർത്തികരവും മാതൃത്വത്തെ കളങ്കപ്പെടുത്തുന്നതും സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നകുമായതിനാൽ മാതൃകാ പെരുമാ‌റ്റചട്ട ലംഘനമാണെന്നും വിശദീകരണം നൽകണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജയുടെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാകുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്‌തതോടെയാണ് കമ്മീഷൻ നടപടിയെടുത്തിരിക്കുന്നത്.