ശ്രീനഗർ: എട്ടുമാസമായി നേരം വെളുക്കുന്നത് മുതൽ ഇരുട്ടുന്നത് വരെ മൻസൂർ അഹമ്മദ് വാഗെ നിലം കുഴിച്ചുകൊണ്ടിരിക്കുകയാണ്. എത്ര കുഴിച്ചിട്ടും പ്രതീക്ഷിക്കുന്നത് കണ്ടെത്താനാവാത്തതിന്റെ നിരാശ ആ കണ്ണുകളിൽ നിറഞ്ഞൊഴുകുകയാണ്. സൈനികനായ മകന്റെ ശരീരാവശിഷ്ടങ്ങൾ തേടിയാണ് പിതാവിന്റെ ഈ കുഴിക്കൽ യജ്ഞമെന്ന് കേൾക്കുമ്പോൾ പലരുടെയും നെഞ്ച് പിടയ്ക്കും.
മൻസൂറിന്റെ മകൻ ഷാക്കീർ മൻസൂർ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിലെ സൈനികനായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് അവധിക്ക് നാട്ടിലെത്തിയ ഷാക്കീറിനെ ഭീകരർ തട്ടിക്കൊണ്ടു പോയതാണ്. പെരുന്നാൾ ദിവസം അവധി ലഭിച്ച് വീട്ടിലെത്തിയ മകനെ ഒരു മണിക്കൂറിന് ശേഷം കാണാതാവുകയായിരുന്നു. പിന്നീട് മകനെക്കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല.
താൻ കൂട്ടുകാർക്കൊപ്പം പോവുകയാണെന്നും സൈന്യത്തിൽ അറിയിക്കരുതെന്ന സന്ദേശമാണ് ഷാക്കീർ മൻസൂറിൽ നിന്നും അവസാനമായി ലഭിച്ചത്. എന്നാൽ ഇത് ഭീകരർ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് കരുതുന്നത്.
കാണാതായി ഒരു ദിവസത്തിന് ശേഷം ഷാക്കീറിന്റെ വാഹനം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയ്ക്ക് ശേഷം വീടിന് മൂന്ന് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് നിന്നും ഷാക്കീർ മൻസൂറിന്റെ വസ്ത്രം രക്തത്തിൽ കുതിർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് സമീപം ഷാക്കീറിന്റെ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന സ്വപ്ന ദർശനത്തെ തുടർന്നാണ് പിതാവിന്റെ തെരച്ചിൽ. ഷക്കീറിന്റെ മൃതദേഹം വീണ്ടെടുത്ത് ആചാരപ്രകാരം ചടങ്ങുകൾ നടത്തണമെന്നാണ് പിതാവിന്റെ ആഗ്രഹം.
സൈനികനെ കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഒരു ഭീകര ഗ്രൂപ്പിന്റെ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറരുതെന്ന അധികാരികളുടെ നയത്തിന് പ്രതികാരമായി സൈനികന്റെ മൃതദേഹം കുടുംബത്തിന് നൽകില്ലെന്നായിരുന്നു സന്ദേശം.
എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇപ്പോഴും ഷക്കീർ 'കാണാനില്ല' എന്ന വിഭാഗത്തിലാണുള്ളത്. സൈനികനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് ഇപ്പോഴും ശ്രമിക്കുന്നതായി ജമ്മു പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറയുന്നു.