ഓക്ലൻഡ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യിൽ വിജയിച്ച് പരമ്പര 3-0ത്തിന് തൂത്തുവാരി ആതിഥേയരായ ന്യൂസിലാൻഡ്. മഴമൂലം പത്ത് ഓവറായി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിനെ 65 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 10 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 9.3 ഓവറിൽ 76 ന് ആൾഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനായി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിലും ഫിന്‍ അലനും ചേർന്ന് നൽകിയത്. ഇരുവരും 5.4 ഓവറിൽ 85 റൺസ് കൂട്ടിച്ചേര്‍ത്തു. അലൻ 29 പന്തുകളിൽ നിന്ന് പത്ത് ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെ 71 റൺസെടുത്തു. ഗപ്ടിൽ 19 പന്തുകളിൽ നിന്നും ഒരു ഫോറിന്റെയും അഞ്ച് സിക്‌സുകളുടെയും കരുത്തിൽ 44 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിൽത്തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നാലെ ടീം 76 റൺസിന് ആൾഔട്ടായി. 19 റൺസെടുത്ത മുഹമ്മദ് നയീം മാത്രമാണ് ബംഗ്ലാനിരയിൽ അല്‍പമെങ്കിലും പിടിച്ചുനിന്നത്. കിവീസിനായി ടോഡ് ആസ്‌ലെ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ടിം സൗത്തി മൂന്നു വിക്കറ്റ് നേടി.
ന്യൂസിലാൻഡിന്റെ ഫിൻ അലൻ മത്സരത്തിലെ താരമായും ഗ്ലെൻ ഫിലിപ്‌സ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.