r-madhavan

ചെന്നൈ: പ്രശസ്‌ത ശാസ്‌ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്റ‌റി: ദി നമ്പി എഫ്ക്ട്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആർ. മാധവൻ നായകനാകുന്ന ചിത്രത്തിൽ സൂര്യയും ഷാരൂഖ് ഖാനും അഭിനയിക്കുന്നുണ്ട്. മാധവന്റെ ട്രൈ കളർ ഫിലീസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് 'റോക്കറ്ററി ദി നമ്പി എഫ്ക്ട്' എന്ന ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവ ജനകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് ഇരുവരും സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പിആർഒ ആതിര ദിൽജിത്ത്‌