വാഷിംഗ്ടൺ: മൂന്നും അഞ്ചും വയസ് പ്രായമുള്ള രണ്ട് ഇക്വഡോറൻ പെൺകുട്ടികളെ 14 അടി ഉയരമുള്ള അമേരിക്കൻ -മെക്‌സിക്കൻ അതിർത്തിയിലെ മതിലിന് മുകളിലൂടെ രാത്രിയിൽ താഴേക്ക് ഉപേക്ഷിച്ചതായി റിപ്പോർട്ട്. പെൺകുട്ടികളെ അജ്ഞാതൻ മതിലിന് മുകളിലൂടെ ഉപേക്ഷിക്കുന്നത് ക്യാമറയിലൂടെ കണ്ടതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സെന്റ് തെരേസയിലെ സി.ബി.പി. കേന്ദ്രത്തിലെത്തിച്ച കുട്ടികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ മരുഭൂമിയ്ക്ക് സമാനമായ സാഹചര്യത്തിൽ കുട്ടികൾ മണിക്കൂറുകളോളം കഴിയാനിട വരുമായിരുന്നുവെന്ന് ചീഫ് പട്രോൾ ഏജന്റ് ഗ്ലോറിയ ഷാവേസ് പറഞ്ഞു. അമേരിക്കയുടെ തെക്കേ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ സമീപകാലത്തായി വൻ വർദ്ധനവാണുള്ളത്. അഞ്ഞൂറോളം കുട്ടികൾ ആരുമില്ലാതെ പ്രതിദിനം അതിർത്തി കടക്കുന്നതായാണ് റിപ്പോർട്ട്.