അബുജ: പിങ്കും വെള്ളയും നിറമുള്ള യൂണിഫോമണിഞ്ഞ് കൈയിൽ പെൻസിലും നോട്ട് ബുക്കുമായി 50 കാരിയായ അജായി ക്ലാസിൽ എത്തിയപ്പോൾ സഹപാഠികൾ പുഞ്ചിരിയോടെ അവരെ വരവേറ്റു. അറിവ് നേടാൻ പ്രായം നൈജീരിയക്കാരിയായ അജായിയ്ക്ക് ഒരു തടസ്സമേയല്ല. എഴുതാനും വായിക്കാനും പഠിക്കുക എന്നത് മാത്രമാണ് അവരുടെ സുപ്രധാന ലക്ഷ്യം. 'യൂണിഫോം ധരിക്കാൻ തനിക്ക് നാണക്കേടില്ലെന്ന് അജായി പറഞ്ഞു. വീട്ടിലെ പ്രാരാബ്ധങ്ങൾ മൂലം ചെറുപ്പം മുതൽ ബന്ധുവിന്റെ കടയിൽ ജോലി ചെയ്യുകയാണ് അജായി. വളർന്നപ്പോൾ പഴ്‌സുകളും ബാഗുകളും വിൽക്കുന്ന ബിസിനസ്സ് തുടങ്ങി. എങ്കിലും എഴുതാനോ വായിക്കാനോ അറിയാത്തതിൽ അജായിക്ക് വലിയ വിഷമമുണ്ടായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം സ്കൂളിൽ പോകാൻ തീരുമാനിച്ചപ്പോൾ കൊവിഡ് വെല്ലുവിളിയായി. ജനുവരിയിൽ സ്‌കൂളുകൾ വീണ്ടും തുറന്നതോടെ അജായി സ്കൂളിൽ ചേർന്നു. പതിനൊന്നും പതിമൂന്നും വയസ്സുള്ളവരാണ് അജായിയുടെ സഹപാഠികൾ. അവർക്കിടയിൽ അജായി ഇരിക്കുന്നതും എല്ലാ കുട്ടികളെയും പോലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനായി കൈ ഉയർത്തുന്നതും കുട്ടികളും അജായിയും തമ്മിലുള്ള പ്രായവ്യത്യാസവുമെല്ലാം തങ്ങളെ ടെൻഷനടിപ്പിച്ചിരുന്നുവെന്ന് അദ്ധ്യാപികയായ നസറത്ത് ബുസാരി പറയുന്നു. എന്നാൽ, അവർ കുട്ടികളുമായി വേഗം കൂട്ടായി - നസറത്ത് പറഞ്ഞു. അമ്മ സ്‌കൂളിൽ പോകുന്നത് ആദ്യം നാണക്കേടായി തോന്നിയെങ്കിലും അമ്മയുടെ സങ്കടം മനസ്സിലാക്കിയപ്പോൾ താൻ സമ്മതിച്ചെന്ന് അജായിയുടെ മകൾ ഷോലെ പറയുന്നു. നാല് മണിക്ക് സ്‌കൂൾ വിട്ട ശേഷം അജായി ബിസിനസിലേക്കിറങ്ങും. ക്ലാസ് സമയത്ത് സഹായികളാണ് ബിസിനസ് നോക്കുന്നത്. പഠിക്കുന്നത് ബിസിനസ് മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അജായിയുടെ വിശ്വാസം.