ബ്രസീലിയ: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ബ്രസീലിൽ കൊവിഡിന്റെ പുതിയ ജനിതക വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. സാവോപോളോയിലാണ് ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനമായ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. എന്നാൽ, പുതിയ വൈറസ് സ്ഥിരീകരിക്കപ്പെട്ട വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര നടത്തുകയോ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളിൽ ആരോഗ്യമേഖലക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് ദക്ഷിണാഫ്രിക്കൻ വകഭേദമാണ്. നിലവിലെ വാക്സിനുകൾ ഈ വൈറസിനെ നേരിടാൻ എത്രത്തോളം ഫലപ്രദമാണ് എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ബ്രസീലിൽ മറ്റൊരു വകഭേദം നേരത്തെ കണ്ടെത്തിയിരുന്നു. അതിവേഗത്തിൽ ഈ വൈറസ് വ്യാപിക്കുന്നതിനിടെയാണ് ആരോഗ്യമേഖലക്ക് വെല്ലുവിളിയായി ഒരു വകഭേദം കൂടി റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് രണ്ടാമതാണ് ബ്രസീൽ. 1,27,53,258 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 3,21,886 പേർ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 89,200 പേർക്ക് പുതിയതായി വൈറസ് ബാധിക്കുകയും 3950 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ലോകത്ത് ആകെ രോഗികളുടെ എണ്ണം 129,625,649 ആയി. ആകെ മരണം - 2,830,882. ഇതുവരെ 104,516,910 പേർ രോഗവിമുക്തരായി.
ചേരുവകൾ കൂട്ടിക്കുഴച്ചു: നഷ്ടമായത് ഒന്നര കോടി വാക്സിൻ ഡോസുകൾ
വാക്സിൻ ചേരുവകൾ പരസ്പരം മാറിയതോടെ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത് ഒന്നര കോടി വാക്സിൻ ഡോസുകൾ. ബാൾട്ടിമോർ ആസ്ഥാനമായ എമർജന്റ് ബയോസൊലൂഷൻസ് ആണ് കമ്പനിക്ക് വൻ നഷ്ടം വരുത്തിയത്. ഇതേ കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസണും അസ്ട്രസെനക്കയ്ക്കും വാക്സിൻ ചേരുവകൾ ശരിയാക്കി നൽകുന്നത്. ഇവ രണ്ടും പരസ്പരം മാറിയതാണ് വിനയായത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോൺസൺ ആൻഡ് ജോൺസൺ അടിയന്തരമായി മരുന്ന് കയറ്റുമതി നിർത്തിവച്ചു. സംഭവം യു.എസ് ഭക്ഷ്യ, മരുന്ന് വിഭാഗം അന്വേഷിച്ചുവരികയാണ്. അമേരിക്കയിൽ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിൽ ജോൺസൻ ആൻഡ് ജോൺസന് പ്രധാന പങ്കുണ്ട്.