flight

മെക്സിക്കോ സിറ്റി: ഗർഭസ്ഥ ശിശു ആണോ പെണ്ണോ എന്നത് ബന്ധുക്കളെ അറിയിക്കാൻ വേറിട്ട രീതികളാണ് മെക്സിക്കോയിലുള്ളത്. ലിംഗ നിർണയം നടത്തിയ ശേഷം ശുഭവാർത്ത അറിയിക്കാൻ നടത്തിയ ആഘോഷം കണ്ണീരിൽ കുതിർന്ന കഥയാണ് കഴിഞ്ഞദിവസം മെക്സിക്കോയിൽ നിന്ന് പുറത്തുവന്നത്.

ഗർഭസ്ഥ കുഞ്ഞിന്റെ ലിംഗമറിയിച്ച് വിമാനത്തിൽ നടത്തിയ അഭ്യാസ പ്രകടനം പൂർത്തിയാകുംമുമ്പെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

സെസ്ന 206 കുഞ്ഞുവിമാനമാണ് ഹോൾബോക്സിൽനിന്ന് പറന്നുയർന്ന് കടലിനു മുകളിൽ വട്ടമിട്ടുപറക്കുന്നതിനിടെ മൂക്കുകുത്തി കടലിൽ പതിച്ചത്. കുടുംബാംഗങ്ങൾ തൊട്ടുതാഴെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു. ഇവർക്കു മുകളിൽ വിമാനം പതിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ച ആശ്വാസത്തിലാണ് കണ്ടുനിന്ന നാട്ടുകാർ.

വിമാനത്തിലുണ്ടായിരുന്നവർ ഗർഭസ്ഥ ശിശു പെൺകുഞ്ഞാണെന്ന് വിളിച്ചുപറഞ്ഞത് കേട്ടതായി കടൽക്കരയിലുണ്ടായിരുന്നവർ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചപ്പോൾ രണ്ടാമൻ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.