വയനാട്: മാനന്തവാടിയിൽ നടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്ലിം ലീഗ് പതാക ഉയർത്തുന്നത് വിലക്കിയെന്ന് ആക്ഷേപം. റോഡ് ഷോയിൽ പങ്കെടുക്കാനായി എത്തിയ ലീഗ് പ്രവർത്തകർ ലീഗ് പതാക മടക്കിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാനന്തവാടിയിൽ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടാക്കിയ രഹസ്യധാരണ പ്രകാരമാണ് ലീഗ് പതാക ഉയർത്തുന്നത് വിലക്കിയത് എന്നാണ് സിപിഎം ആരോപിക്കുന്നത്.
എന്നാല്‍ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫിന്റെ വിശദീകരിക്കുന്നത്. അതേസമയം, മാനന്തവാടി മണ്ഡലത്തിൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് ഇടതുപക്ഷവും മറ്റ് തത്പരകക്ഷികളും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നും കൊടി ഉയർത്തിയില്ല എന്നുള്ളത് അവരുടെ ഭാവനാസൃഷ്ടിയാണെന്നും മാനന്തവാടി നിയോജക മണ്ഡലം മുസ്ലീംലീഗ് കമ്മിറ്റി പ്രതികരിച്ചു.
മാനന്തവാടിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ആർഎസ്എസ് ബന്ധം പുറത്തുവന്നുവെന്നും അത് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കിയെന്നും അതിനെ മറയ്ക്കാനുള്ള ഇടതുപക്ഷത്തിന്റെ പാഴ്ശ്രമമാണ് ഇതെന്നും മുസ്ലിം ലീഗ് പറയുന്നു. ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും ലീഗ് പ്രവർത്തകരെ നിഷ്ക്രിയരാക്കാൻ സാധിക്കില്ലെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ അസ്മത്ത് പറഞ്ഞു.
പ്രസംഗിക്കാന്‍ തീരുമാനിച്ചിരുന്ന മാനന്തവാടി ഗാന്ധി പാര്‍ക്കിലെ വേദി ഡിവൈഎഫ്‌ഐ നേരത്തെ ബുക്ക് ചെയ്തിരുന്നതിനാൽ വാഹനത്തിലിരുന്നാണ് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. എന്നാൽ മൈക്കിന്റെ തകരാറിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രസംഗം പലതവണ തടസപ്പെട്ടിരുന്നു. മാനന്തവാടിക്ക് പുറമേ സുല്‍ത്താന്‍ ബത്തേരിയിലും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ യുഡിഎഫ് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വേളയിൽ മുസ്ലിം ലീഗിന്റെ കൊടിയെ പാകിസ്ഥാൻ പതാകയുമായി ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉപമിച്ചത് വൻ വിവാദമായിരുന്നു. വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്നും എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.