trumph

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പിന്നാലെ ഭരണസിരാകേന്ദ്രമായ കാപ്പിറ്റോൾ ഹിൽ ആക്രമണത്തിനും സമൂഹമാദ്ധ്യമമായ ഫേസ്ബുക്ക് ദുരുപയോഗം ചെയ്തതിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയ മുൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 'അനധികൃത' ഫേസ്ബുക്ക് ഉപയോഗത്തിന് വീണ്ടും വിലക്ക്.

മരുമകൾ ലാറ ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ട്രംപിന്റെ സോഷ്യൽമീഡിയ വിളയാടൽ. ഫേസ്ബുക്ക് ഇത് കൈയോടെ പൊക്കി. കഴിഞ്ഞ ദിവസം ഈ അക്കൗണ്ടും പൂട്ടിച്ചു.

ട്രംപിന്റെ വീഡിയോകൾ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്ത ഫേസ്ബുക്ക് ഇനിമേലിൽ ഇത് മുൻ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നിർദ്ദേശവും നൽകി.

ട്രംപിന്റെ മകൻ എറികിന്റെ പത്നിയാണ് ലാറ. ട്രംപുമായി നടത്തിയ ഒരു അഭിമുഖം അടുത്തിടെ ലാറ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഫേസ്ബുക്കിൽനിന്ന് ലാറയ്ക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചു. ഇത് ട്രംപിന്റെ വീഡിയോ ആണെന്നും വിലക്കുള്ളതാണെന്നുമായിരുന്നു സന്ദേശം. എന്നല്ല, ഇനിയും ആവർത്തിച്ചാൽ, അക്കൗണ്ടിനെതിരെ നിയന്ത്രണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

കാപ്പിറ്റോൾ ഹിൽ ആക്രമണത്തിന് പിന്നാലെ ഫേസ്ബുക്ക് മാത്രമല്ല, ട്വിറ്റർ, സ്നാപ്ചാറ്റ്, യൂടൂബ് എന്നിവ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അടുത്തൊന്നും ഈ വിലക്ക് നീക്കില്ലെന്ന് ഫേസ്ബുക്ക് സി.ഇ.ഒ ഷെറിൽ സാൻഡ്‌ബെർഗ് പ്രഖ്യാപിച്ചിരുന്നു.

ഇത് മറികടക്കാൻ വൈകാതെ സ്വന്തം സമൂഹ മാദ്ധ്യമവുമായി ട്രംപ് എത്തുമെന്നാണ് വിവരം.