ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്ഥാൻ മന്ത്രിസഭ തള്ളി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം വിച്ഛേദിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ഇരുപത് മാസത്തിനു ശേഷം ഇത് പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് പരുത്തിയും അടുത്ത ഘട്ടത്തിൽ പഞ്ചസാരയും ഇറക്കുമതി ചെയ്യാനായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിച്ച് തീർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച കത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ പാക് ദേശീയദിനത്തിന് ആശംസ നേർന്ന് മോദി ഇമ്രാന് കത്തെഴുതിയിരുന്നു.