ഹോങ്കോംഗ്: 2019 ആഗസ്റ്റ് 18ന് ഹോങ്കോംഗിലെ വിക്ടോറിയ പാർക്കിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഹോങ്കോംഗിലെ പ്രതിപക്ഷ നേതാക്കളിലേറെയും കുറ്റക്കാരെന്ന് ചൈനീസ് കോടതി.
മുതിർന്ന ജനാധിപത്യ നേതാവും സാമാജികനുമായ മാർട്ടിൻ ലീ, മാദ്ധ്യമ രംഗത്തെ പ്രധാനി ജിമ്മി ലായ് തുടങ്ങി ഏഴുപേരെയാണ് കോടതി കുറ്റക്കാരായി കണ്ടത്.
പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ്.
ദേശീയ സുരക്ഷ നിയമം ചുമത്തി വേറെയും കേസുകളിൽ വിചാരണ നേരിടുന്ന ലീ, ഹോങ്കോംഗിൽ ജനാധിപത്യത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്ന നേതാവാണ്. മറ്റു നേതാക്കളായ മാർഗരറ്റ് എൻജി, സിഡ് ഹോ സോ ലാൻ, ആൽബർട്ട ഹോ ചുൻയാൻ, ലീ ച്യൂക് യാൻ, ല്യൂങ് കോക് ഹുങ് തുടങ്ങിയവരെയും കുറ്റക്കാരായി വിധിച്ചിട്ടുണ്ട്.
2019ൽ നടന്ന, 17 ലക്ഷത്തോളം പേർ പങ്കെടുത്ത പ്രതിഷേധ സമരം സമാധാനപരമായിരുന്നു. പൊലീസ് അനുമതി നിഷേധിച്ചിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നേതാക്കൾക്കെതിരെ കേസെടുത്തത്.