ഹരിപ്പാട്: എല്ലാ വിധ അഴിമതികളും കൊള്ളരുതായ്മകളും കാട്ടിയ ശേഷം കൃതിമ പ്രതിഛായ സൃഷ്ടിച്ചും ,വോട്ടെടുപ്പ് പ്രകിയയെ അട്ടിമറിച്ചും അധികാരത്തിൽ തുടരാനുള്ള വൃഥാ ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോടികൾ വാരിയെറിഞ്ഞുള്ള പരസ്യപ്രളയം ഒരുവശത്ത്. വോട്ടർ പട്ടിക അട്ടിമറിച്ച് വ്യജവോട്ടർമാരെ തിരുകിക്കയറ്റി ജനാധിപത്യത്തെ തകിടം മറിക്കാനുള്ള ശ്രമം മറുവശത്ത്. . ഓരോ നിയോജകമണ്ഡലത്തിലും പതിനായിരത്തിലേറെ വ്യാജ വോട്ടർമാരെയാണ് കുത്തിനിറച്ചിരിക്കുന്നത്. ഇടതുപക്ഷക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം നടത്തിയ അട്ടിമറിയാണിത്. ഒരേ ശൈലിയിലാണ് സംസ്ഥാനത്തുടനീളം ഈ കൃത്രിമം നടന്നിരിക്കുന്നത്. യഥാർത്ഥ വോട്ടർ അറിഞ്ഞോ അറിയാതെയോ അയാളുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളിൽ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും വിവിധ മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് വ്യക്തമായ തിരഞ്ഞെടുപ്പ് അഴിമതി തന്നെയാണ്. ഈ തിരിമറി തടയാനുള്ള പ്രാഥമികമായ ബാദ്ധ്യത തിരഞ്ഞെടുപ്പ് കമ്മിനാണ്. പക്ഷേ, കമ്മിഷൻ ഇക്കാര്യത്തിൽ പരാജയപ്പെട്ടു. 4,34,000 വ്യാജ വോട്ടർമാരുടെ തെളിവ് കൊടുത്തിട്ടും കമ്മിഷൻ കണ്ടെത്തിയത് 38,586 വ്യാജവോട്ടുകൾ മാത്രമാണ്.
ആഴക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതിക്കൊടുക്കാനുള്ള കരാർ റദ്ദാക്കാതെ അത് റദ്ദാക്കിയെന്ന് സർക്കാർ പത്രക്കുറിപ്പിറക്കിയത് എന്തിനാണ്? ഇത്രയും പൊതുജന രോഷമുണ്ടായിട്ടും കരാർ റദ്ദാക്കാതെ ഒളിപ്പിച്ച് വച്ചശേഷം റദ്ദാക്കിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ, വീണ്ടും അധികാരത്തിൽ വന്നാൽ മത്സ്യസമ്പത്ത് കൊള്ളയടിക്കുക എന്നതാണ് ലക്ഷ്യം. വൻതോതിൽ കോഴ കൈമറിഞ്ഞ ഇടപാടാണിത്. സർക്കാരിന് അത്ര എളുപ്പം ഇത് ഉപേക്ഷിക്കാൻ കഴിയില്ല. മുഖ്യധാരണാ പത്രം റദ്ദാക്കിക്കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനൊക്കെ തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.