ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയിട്ട് ഇന്ന് 10 വർഷം തികയുന്നു. 2011 ഏപ്രിൽ രണ്ടിനാണ് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ആറുവിക്കറ്റിന് തോൽപ്പിച്ച് മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും കിരീടം നേടിയത്.
ആദ്യം ബാറ്റ്ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 274 റൺസെടുത്തു.ഇന്ത്യ മറുപടിക്കിറങ്ങിയപ്പോൾ ആദ്യ ഓവറിൽ സെവാഗും (0),ഏഴാം ഓവറിൽ സച്ചിനും (18) പുറത്തായി.എന്നാൽ വെല്ലുവിളി ഏറ്റെടുത്ത ഗൗതം ഗംഭീർ 97 റൺസുമായി ഇന്ത്യയുടെ ഇന്നിംഗ്സിന് നങ്കൂരമിട്ടു. വിരാട് (35) പുറത്തായശേഷം ധോണിയും കൂടി എത്തിയതോടെ ഇന്ത്യ വിജയത്തിലേക്ക്. അർഹിച്ചിരുന്ന സെഞ്ച്വറിക്ക് മൂന്നു റൺസകലെ ഗംഭീറിനെ നഷ്ടമായി. ലോകകപ്പിലുടനീളം അതിഗംഭീര പ്രകടനം കാഴ്ചവച്ച യുവ്‌രാജ് 21 റൺസുമായി ഫൈനൽ വിജയവേളയിൽ ക്രീസിലുണ്ടായിരുന്നു. വിജയറൺ നേടാൻ ധോണി ഹെലികോപ്ടർ ഷോട്ടിലൂടെ നേടിയ സിക്സ് ഇന്നും ആരാധകരുടെ മനസിലുണ്ട്.
ആറ് എഡിഷനുകളിൽ കളിച്ചിട്ടും തന്റെ കരിയറിലെ ആദ്യ ലോകകപ്പിൽ മുത്തമിടാൻ സച്ചിന് കഴിഞ്ഞത് 2011ലാണ്. വിജയശേഷം സച്ചിനെ തോളിലേറ്റി വാങ്കഡെ സ്റ്റേഡിയം ചുറ്റിയ ഇന്ത്യൻ താരങ്ങളാണ് മറ്റൊരു മായാത്ത ചിത്രം. തന്നെ മാരക രോഗം കാർന്നുതിന്നു തുടങ്ങുമ്പോഴാണ് യുവി അസാമാന്യ ആൾറൗണ്ട് മികവിലൂടെ ഈ ലോകകപ്പിലെ പ്ളേയർ ഒഫ് ദ സിരീസായത്. ധോണിയായിരുന്നു ഫൈനലിലെ മാൻ ഒഫ് ദ മാച്ച്.