chalamshek

ആലുവ: പശ്ചിമബംഗാളിൽ നിന്ന് വില്പനയ്‌ക്ക് കൊണ്ടുവന്ന 18 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ സ്വദേശി ചലാംഷെയ്ഖിനെ (33) എക്സൈസ് പിടികൂടി.ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ആലുവ ചാലക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

അതിഥി തൊഴിലാളികളും മലയാളി യുവാക്കളുമാണ് ഇയാളുടെ ഉപഭോക്താക്കൾ. ബംഗാളിൽ നിന്ന് ഗ്രാമിന് 25,000 രൂപ നിരക്കിൽ വാങ്ങുന്ന ബ്രൗൺഷുഗർ ചെറുപൊതികളിലാക്കി പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വില്പന. ഇത്തരത്തിൽ 38 പൊതികളിലാക്കിയതും പൊതികളിലാക്കാൻ സൂക്ഷിച്ചതുമായ ബ്രൗൺഷുഗറാണ് പിടികൂടിയത്. ഇതിന് വിപണിയിൽ ലക്ഷങ്ങൾ വിലയുണ്ട്. മുമ്പ് പലതവണ മയക്കുമരുന്ന് കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

നാല് മാസം മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കല്പണിക്കാരനെന്ന വ്യാജന ചാലക്കലിൽ വീട് വാടകയ്‌ക്കെടുത്ത് കുടുംബസമേതം താമസിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. അശോക്‌കുമാറിന്റെ നിർദ്ദേശാനുസരണം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് മുൻപ്രതികളെ നിരീക്ഷിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.