പെരുമ്പാവർ: കാഞ്ഞിരക്കാട് വീട് റെയ്ഡ് ചെയ്ത് അരക്കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളും പൊലീസ് പിടികൂടി. കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അഷ്റഫ് (66), മകൻ അനസ് (40) എന്നിവരെ അറസ്റ്റ് ചെയ്തു. റൂറൽ എസ്.പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പിടികൂടിയ ഒരു കാറിൽ കഞ്ചാവ് കടത്താൻ പ്രത്യേക അറകൾ സജ്ജീകരിച്ചിരുന്നു. കഞ്ചാവ് പൊതിയുന്ന കടലാസ്, ത്രാസ്, 68000 രൂപ എന്നിവയും വീട്ടിൽ നിന്ന് കണ്ടെടുത്തു. കഞ്ചാവ് ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാരികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികളും യുവാക്കളുമാണ് ഉപഭോക്താക്കൾ.
കഴിഞ്ഞ നവംബറിൽ മാത്രം 150 കിലോഗ്രാം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയടക്കം പത്തു പേർ അറസ്റ്റിലായിരുന്നു.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.അശ്വകുമാർ, സി.ഐ എം സുരേന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകി.