salim

കായംകുളം: യു.ഡി.എഫ് സ്ഥാനാർത്ഥി അരിതബാബുവിന്റെ വീടാക്രമിച്ച കേസിൽ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത ഗോവിന്ദമുട്ടം പ്ലാമൂട്ടിൽ സലിംബാനർജിയുടെ (48) അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു.

ബുധനാഴ്ച വൈകിട്ടാണ് അരിതബാബുവിന്റെ പുതുപ്പള്ളിയിലെ വീടിന്റെ ജനൽചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. വീടിന് സമീപത്തുനിന്ന് ഫേസ്ബുക്കിൽ ലൈവ് നൽകിയ സലിം ബാനർജിയെ പൊലീസ് ഉടൻ കസ്റ്റഡിയിൽ എടുത്തിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും രാഷ്ട്രീയകലാപമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനുമാണ് കേസെടുത്തത്. ജനൽചില്ല് തകർത്തുവെന്ന് ഇയാൾ സമ്മതിച്ചിട്ടില്ലെന്ന് പൊലീസ്പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.