തന്നെ വ്യക്തിപരമായി അപമാനിച്ചു എന്ന് കാണിച്ചുകൊണ്ട് 'മോഹൻകുമാർ ഫാൻസ്' എന്ന ജിസ് ജോയ്-കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ പരാതി നൽകുമെന്ന് പറഞ്ഞത് ഏപ്രിൽ ഫൂൾ ദിനവുമായി ബന്ധപ്പെട്ടുകൊണ്ടാണെന്നും അതൊരു ഏപ്രിൽ ഫൂൾ തമാശയായിരുന്നു എന്നും രാഹുൽ ഈശ്വർ. സംഭവത്തെ ആ സ്പിരിറ്റിൽ തന്നെ എടുക്കണമെന്നും രാഹുൽ ഈശ്വർ പറയുന്നു. താൻ പരാതി നൽകുമെന്നുള്ള വാർത്തകൾ കണ്ടുകൊണ്ട് സിനിമയുടെ സംവിധായകൻ തന്നെ വിളിച്ചിരുന്നു എന്നും അദ്ദേഹം അതുമായി ബന്ധപ്പെട്ട് ഏറെ ടെൻഷൻ അനുഭവിച്ചുവെന്നും മനസിലായതായി രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ പറഞ്ഞു.
സിനിമ കണ്ടപ്പോൾ തനിക്ക് തോന്നിയ ഒരു തമാശയാണ് ഇതെന്നും എന്നാൽ ഇക്കാര്യത്തിൽ തമാശ കണ്ടെത്താൻ സാധിക്കാത്തവർ തന്നെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സിനിമയിലെ വീഡിയോ പകർത്തിയതിനെയും ചിലർ വിമർശിച്ചുവെന്നും രാഹുൽ പറയുന്നു. സംഭവം തമാശയായി മാത്രം കണ്ടാൽ മതിയെന്ന് രാഹുൽ പറയുന്നുണ്ടെങ്കിലും നിരവധി പേർ ഇക്കാര്യത്തിൽ ഇദ്ദേഹത്തിന്റെ 'തമാശ'യെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിന് കീഴിലെ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.
മോഹൻ കുമാർ ഫാൻസ് എന്ന സിനിമയിൽ തന്നെ അപമാനിക്കുന്ന തരത്തിൽ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയുടെ സംവിധായകനും എതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ ഈശ്വർ പറഞ്ഞിരുന്നത്.
മുൻപ് ഒരു സ്വകാര്യ ചാനലിൽ സംവാദത്തിനിടെ അവതാരകനോട് മുപ്പത് സെക്കന്റ് തനിക്ക് അനുവദിക്കൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന രാഹുലിന്റെ വീഡിയോയാണ് സിനിമയ്ക്കിടെ കാണിക്കുന്നത്. ഇതിനൊപ്പം അവതാരകനോട് മുപ്പത് സെക്കന്റ് രാഹുലിന് നൽകാൻ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും പറയുകയും ചെയ്യുന്നുണ്ട്. ഇത് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് രാഹുൽ ആരോപിച്ചത്. സിനിമയിലെ ഈ ഭാഗവും ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ ഈശ്വർ ചേർത്തിരുന്നു. രാഹുലിന്റെ പോസ്റ്റ് നിരവധി മലയാള മാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു.