ck-padmanabhan

2001ൽ കോലീബി സഖ്യത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് കെഎം മാണിയും പികെ കുഞ്ഞാലിക്കുട്ടിയും വോട്ട് ധാരണ സംബന്ധിച്ച ചർച്ചകൾക്കായി ബിജെപിയെ സമീപിച്ചുവെന്ന ബിജെപി നേതാവ് സികെ പദ്മനാഭന്റെ വെളിപ്പെടുത്തലിനെ തള്ളി പികെ കുഞ്ഞാലിക്കുട്ടി. 2001-ൽ സികെ പദ്മനാഭൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ കണ്ടതായി ഓർമയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. സിപിഎം-ബിജെപി ധാരണ പുറത്തായതിലെ ജാള്യത മറയ്ക്കുന്നതിനാണ് ബിജെപി നേതാവ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

'ഇടതുപക്ഷവും ബിജെപിയും ചെറിയ ധാരണയിലാണ്. അത് ഇപ്പോൾ പുറത്തായി. ഇപ്പോൾ ഞാൻ വിചാരിച്ചാലും ഓർക്കാൻ കഴിയാത്ത, ഉണ്ടോ ഇല്ലയോ എന്ന് ഒരു മനുഷ്യനും ഓർക്കാൻ കഴിയാത്ത കാര്യമാണിത്. മാണി സാർ ജീവിച്ചിരിക്കുന്നുപോലുമില്ല. പഴങ്കഥകളൊക്കെ പറഞ്ഞ് വിഷയം മാറ്റാൻ നോക്കുകയാണ്."- കുഞ്ഞാലിക്കുട്ടി പറയുന്നു. കോലീബി സഖ്യത്തെ വെച്ചുപൊറുപ്പിക്കാത്ത എകെ ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രിഎന്നും കോൺ​ഗ്രസാണ് ബിജെപിയുടെയും സിപിഎമ്മിന്റേയും മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു.