കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതിനു ശേഷം പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. കാസര്‍കോട് ബദ്രടുക്കം പുത്തൂര്‍ രാജീവ് കോളനിയിലെ ടിഎ ഫായിസ്(26), കാസര്‍കോട് ബദിയടുക്ക കമ്പറിലെ പാലത്തൊട്ടി ഹൗസില്‍ അബ്ദുള്‍ മന്നാന്‍ (25) എന്നിവരെയാണ് കണ്ണൂർ കൂത്തിപറമ്പ് പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂത്തുപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍കുമാര്‍, എ എസ് ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജിത്, സുധി എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായി പ്രതികളെ കുടുക്കിയത്.
മാര്‍ച്ച് 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയെ പ്രലോഭിപ്പിച്ച് കൂത്തുപറമ്പ് മൂന്നാംപീടിക കണ്ടംകുന്നിലുള്ള ലോഡ്ജിൽ എത്തിച്ച ശേഷമാണ് പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം.
എന്നാൽ തിരിച്ചു വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ഇവർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഫായിസിനും മന്നാനുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു.