ആലപ്പുഴ: സംസ്ഥാനത്തെ വൈദ്യുതി വിപണന രംഗത്ത് വൻഅഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇത് ബിജെപിയുമായി ചേർന്നുള്ള അഴിമതിയാണെന്നും അദ്ദേഹം പറയുന്നു.അടുത്ത 25 വർഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരാൻ സൗകര്യമുണ്ടാക്കിയിരിക്കുകയാണെന്നും അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ആഗോള തലത്തിൽ തന്നെ വൈദ്യുതിയുടെ വില കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അപ്പോഴാണ് ഉയർന്ന തുകയ്ക്ക് ഇത്രയും നീണ്ട കാലയളവിലേക്ക് കരാറുണ്ടാക്കുന്നത്. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾ അദാനിക്ക് കൂടുതലായി നൽകേണ്ടിവരും. ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നും സോളാർ സെക്ടറിൽനിന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നിരിക്കെ അദാനിയിൽ നിന്നും എന്തിന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കി എന്നതാണ് ചോദ്യം. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ കരാറിന്റെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്'-ചെന്നിത്തല പറഞ്ഞു.
'തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിൻവാതിൽ വഴി സ്വീകരിച്ചത്.കേന്ദ്രം അദാനിക്ക് വേണ്ടി ടെൻഡർ ചെയ്തപ്പോൾ കേരളം അനുകൂല തീരുമാനം എടുത്തു. കേന്ദ്രത്തിൽ മോദി-അദാനി ബന്ധം നാട്ടിൽ പട്ടാണ്. അത്യാവശ്യം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഒക്കെ അദാനിയുടെ കൈയ്യിലാണ്. അവസാനം തിരുവനന്തപുരം ഉൽപ്പടെയുള്ള വിമാനത്താവളങ്ങളും മോദി അദാനിക്ക് തീറെഴുതി കഴിഞ്ഞു. ഇവിടെയാണ് പിണറായുടെ അദാനി പ്രേമം പുറത്താകുന്നത് സ്വർണ്ണ കടത്തിലും സോളർ കടത്തിലും കേന്ദ്ര ഏജൻസികൾ പിന്നാക്കം പോയതിന്റെ കാരണം ഇപ്പോൾ ബോദ്ധ്യമായി. നിതിൻ ഗഡ്‌ക്കരി മാത്രമല്ല മോദി -പിണറായി ഇടനിലക്കാരൻ ഗഡ്‌കരിയെക്കാൾ ശക്തനായ മോദിയുടെ അടുത്ത സുഹൃത്ത് അദാനിയാണ് ലാവ്‌ലിൻ കേസ് ഉൽപ്പടെയുള്ള കാര്യങ്ങളിൽ പിണറായിയെ സഹായിക്കുന്നത് എന്നത് വ്യക്തമാക്കുന്നന്നതാണു കോടികൾ സർക്കാരിനു നഷ്ടപ്പെടുത്തുന്ന ഈ കരാർ'- ചെന്നിത്തല ആരോപിച്ചു.
കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയ സർക്കാരാണ് പിണറായിയുടേതെന്നും ഈ അഴിമതികളുടെ വേരുകൾ ചെന്നുനിൽക്കുന്നതെല്ലാം മുഖ്യമന്ത്രിയിലാണെന്നും അദ്ദേഹം അഴിമതിയുടെ തലവനാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ അടിത്തറ തകർത്തമഹാപ്രളയം മനുഷ്യനിർമ്മിതമാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.