ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 469 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കേസുകൾ 1,23,03,131 ആയി. മരണനിരക്ക് ഉയർന്ന് 1,63,396 ആയി. ഇപ്പോൾ രാജ്യത്ത് 6,14,696 ആക്‌ടീവ് കേസുകളാണുളളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ റിപ്പോർട്ടിലുണ്ട്.
മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, കർണാടക, പഞ്ചാബ്, കേരളം, തമിഴ്നാട്, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികൾ പ്രതിദിനം വർദ്ധിക്കുന്നതായാണ് കേന്ദ്ര റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം 43,183 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇവിടെ 28,69,163 രോഗികളാണുളളത്.
രാജ്യത്തെ കൊവിഡ് അതിദ്രുതവ്യാപനം കണക്കിലെടുത്ത് പൊതുഅവധി ദിവസങ്ങളിലും കൊവിഡ് വാക്‌സിനേഷൻ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്ത് ഇതുവരെ ആകെ വാക്‌സിനേഷൻ നടത്തിയത് 6.75 കോടി ഡോസാണ്. 6,75,36,392 ഡോസ് വാക്‌സിനുകളാണ് ഏപ്രിൽ ഒന്നുവരെ നൽകിയത്.
88,48,558 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിനും 52,63,108 ആരോഗ്യപ്രവർത്തകർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകിക്കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 24 കോടിയിലധികം സാമ്പിളുകൾ ടെസ്‌റ്റ് ചെയ്‌തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.