assam

ന്യൂഡൽഹി: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന ആസാമിൽ ബിജെപി എംഎൽഎയുടെ വാഹനത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് മെഷീനുകൾ കണ്ടെത്തി. ബിജെപി നേതാവും പത്‌ത്ഥർകണ്ടി എംഎൽഎയുമായ കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തിൽ നിന്നുമാണ് വോട്ടിംഗ് മെഷീനുകൾ കിട്ടിയത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് പുനർ വിചിന്തനം നടത്തണമെന്ന് സംഭവത്തെ കുറിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. സംഭവത്തെ കുറിച്ചുള‌ള പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നടപടിയെടുക്കണമെന്നും പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വി‌റ്ററിൽ വൈറലായിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകളുമായി മടങ്ങുകയായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാർ കേടായതായും തുടർന്ന് ബിജെപി സ്ഥാനാർത്ഥി കൂടിയായ എംഎൽഎ വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോകാൻ സൗകര്യം ചെയ്‌തുകൊടുത്തതാണെന്നുമാണ് എംഎൽഎ വിശദീകരിക്കുന്നത്.

Breaking : Situation tense after EVMs found in Patharkandi BJP candidate Krishnendu Paul’s car. pic.twitter.com/qeo7G434Eb

— atanu bhuyan (@atanubhuyan) April 1, 2021

വോട്ടിംഗ് മെഷീനുകൾ കൊണ്ടുവന്ന കാർ ആക്രമിച്ചവർക്കെതിരെ കേസെടുത്തതായാണ് വിവരം. വോട്ടിംഗ് മെഷീന് കേടുപാടൊന്നുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ ഇവിഎം മെഷീനുകൾ കൊണ്ടുപോകുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നും മിക്ക സ്വകാര്യ വാഹനങ്ങളും ബിജെപി നേതാക്കളുടേതാണെന്നും പ്രിയങ്കാ ഗാന്ധി ട്വി‌റ്ററിൽ ആരോപിച്ചു. വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തി ബിജെപി ആസാമിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നും പ്രിയങ്ക പറഞ്ഞു.ആസാമിൽ 39 സീ‌റ്റുകളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. 77.21 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.