mullappally

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അദാനിയുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് കെ പി സി സി അദ്ധ്യക്ഷൻ രംഗത്തെത്തിയത്. കണ്ണൂരിൽ മുഖ്യമന്ത്രിയും അദാനിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിറുത്തിയാണ് സംസ്ഥാന സർക്കാരിന് കോടികൾ നഷ്ടമുണ്ടാക്കിയ കരാർ രൂപപ്പെട്ടതെന്നും പറഞ്ഞു.

അദാനി ഒരു പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ വരികയുണ്ടായി. ഇത് ഏത് അദാനിയാണെന്ന് അറിയില്ല. അദാനി മുഖ്യമന്ത്രിയെ കാണാനാണോ വന്നത്? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണം. അദാനിയുമായി പ്രത്യേകിച്ച് ഗൗതം അദാനിയുമായി വലിയ ആത്മബന്ധത്തിലാണ് നമ്മുടെ മുഖ്യമന്ത്രി.സഹസ്രകോടീശ്വരന്മാരുടെ ക്യാപ്റ്റനാണ് പിണറായി. എന്റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല . ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികളുടെയോ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹം-മുല്ലപ്പള്ളി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തിയാൽ കേന്ദ്ര ഏജൻസികൾക്ക് മുഖ്യമന്ത്രിക്കെതിരെ വലിയ അഴിമതികൾ കണ്ടെത്താനാകുമെന്ന് പറഞ്ഞ മുല്ലപ്പള്ളി അദാനിയുമായുള്ള കെ.എസ്.ഇ.ബിയുടെ കരാറിലെ വ്യവസ്ഥകൾപുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് ചോദിച്ച അദ്ദേഹം വൈദ്യുതി ബോർഡിന്റെ എല്ലാ കരാറുകളും വെബ്‌സൈറ്റിൽ ലഭ്യമാണെന്നും ഈ ബോംബ് ചീറ്റിപ്പോയെന്ന് പരിഹസിക്കുകയും ചെയ്തു.