sandeep-nair

തിരുവനന്തപുരം: ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയോ എന്ന ആരോപണത്തിന്റെ സത്യാവസ്ഥയാണ് ക്രൈംബ്രാഞ്ച് ചോദിച്ചറിയുന്നത്. സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കിയിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.

ഇഡിക്കെതിരായി രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. ആദ്യത്തേത് സ്വപ്‌നയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. രണ്ടാമത്തേത് നേരത്തെ സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്ത് അടിസ്ഥാനപ്പെടുത്തി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലും. രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു സന്ദീപ് ജഡ്‌ജിക്ക് നല്‍കിയ പരാതി. ഇതില്‍ ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്‍ സുനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.