തിരുവനന്തപുരം: അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്കുളള കരാറിൽ കെ എസ് ഇ ബി ഏർപ്പെട്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം എം മണി.പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും കെ എസ് ഇ ബിയോ സർക്കാരോ അത്തരത്തിലൊരു കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വൈദ്യുതി നൽകുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണെന്നും ചെന്നിത്തലയുടെ സമനില തെറ്റിയെന്നും വൈദ്യുതി മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മണി പ്രതികരിച്ചത്. 'വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാദ്ധ്യമങ്ങൾ അന്വേഷിക്കണം.കേന്ദ്രസർക്കാരിന്റെ പാരമ്പര്യേതര ഊർജ വകുപ്പുമായി മാത്രമേ കരാർ ഉള്ളൂ. ചെന്നിത്തല പറയുന്നത് പോലെ ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനില്ല. കിട്ടുമെങ്കിൽ അതല്ലേ വാങ്ങൂ. കരാറിന്റെ വിശദാംശങ്ങൾ വൈദ്യുതി ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് കിട്ടും '- മന്ത്രി പറഞ്ഞു.
'പ്രതിപക്ഷ നേതാവ് കഥയറിയാതെ പറയുകയാണ്. കേന്ദ്ര എനർജി കോർപറേഷനാണ് കേരളത്തിന് വൈദ്യുതി തരുന്നത്. അത് വാങ്ങുന്നുണ്ട്. അവരുടേത് വാങ്ങണമെന്ന് നിയമമുണ്ട്. ഊർജ രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായും കരാറില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഇത് മറ്റൊരു ബോംബാണ്.സ്വർണം പിടിച്ചപ്പോൾ കേന്ദ്ര ഏജൻസിയാണ് കേസെടുത്തത്. അതിന് മുകളിൽ കേരള പൊലീസ് കേസെടുക്കണമെന്ന് പറഞ്ഞാൽ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് കോമൺ സെൻസുള്ളവർ പറയുമോ? റേഷനരിയുടെ കാര്യത്തിൽ കോടതിയിൽ പോയിട്ട് എന്തുണ്ടായി'-മണി പരിഹസിച്ചു.
ഇന്നുരാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ വൈദ്യുതി വിപണന രംഗത്ത് വൻഅഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇത് ബിജെപിയുമായി ചേർന്നുള്ള അഴിമതിയാണെന്നും അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു.
അതിനിടെ, മുഖ്യമന്ത്രിയും ആദാനിയുമായി കണ്ണൂരിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിറുത്തിയാണ് സംസ്ഥാന സർക്കാരിന് കോടികൾ നഷ്ടമുണ്ടാക്കിയ കരാർ രൂപപ്പെട്ടതെന്നും മുലപ്പള്ളി ആരോപിച്ചിരുന്നു.