മക്കളെ ജീവനു തുല്ല്യം സ്നേഹിച്ചിരുന്ന ഒരു അദ്ധ്യാപിക മരണാനന്തരം മക്കൾക്കായി കരുതി വച്ചിരുന്നത് കുറച്ച് പുസ്തകങ്ങൾ മാത്രമാണ്. 20 വർഷം മുമ്പാണ് ഒരു പ്രൈമറി സ്‌കൂൾ അദ്ധ്യാപിക 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ' എന്ന പുസ്തകത്തിന്റെ ഒരു കോപ്പി ഒരു പൗണ്ട് അതായത് ഏകദേശം 100 രൂപ വില നൽകി വാങ്ങിയത്. 1997ൽ ഇറങ്ങിയ ആദ്യ എഡിഷൻ പുസ്തകമായിരുന്നു അത്. എന്നാൽ, 2005ൽ 44ാം വയസ്സിൽ സ്തനാർബുദം ബാധിച്ച് ഈ അദ്ധ്യാപിക മരണമടഞ്ഞു. തന്റെ നാല് പെണ്മക്കൾക്കായി ആകെ കരുതിയിരുന്നത് ഹാരി പോട്ടർ പുസ്തകം മാത്രമായിരുന്നു.
വായനയുടെ സുഖം മക്കൾ ആവോളം അറിയട്ടെ എന്ന് ആ അദ്ധ്യാപിക കരുതി. എന്നാൽ, ഇരുപത് വർഷങ്ങൾക്ക് ശേഷം അമ്മ മക്കൾക്കായി കരുതിവച്ച ഏറ്റവും വിലകൂടിയ സമ്മാനമായി ആ പുസ്തകം മാറി. പുസ്തകത്തിന്റെ കോപ്പി അപൂർവമായ ഫസ്റ്റ് എഡിഷൻ കോപ്പി ആണെന്നും അതിന് ഇപ്പോൾ ഏതാണ്ട് 30,000 പൗണ്ട് അതായത്, ഏകദേശം 30 ലക്ഷം രൂപ വില വരുമെന്നും പെണ്മക്കൾ പിന്നീടാണ് അറിഞ്ഞത്.
ഫസ്റ്റ് എഡിഷനിൽ പുസ്തകത്തിന്റെ 500 കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തത്. അതുകൊണ്ടുതന്നെ അത്യപൂർവമായ ഈ കോപ്പിയ്ക്ക് ആവശ്യക്കാർ നിരവധിയാണ്. സമാനമായ മറ്റൊരു കോപ്പി മുമ്പ് 68,000 പൗണ്ടിനാണ് വിറ്റുപോയത് (ഏകദേശം 68 ലക്ഷം രൂപ). അദ്ധ്യാപിക മക്കൾക്ക് നൽകിയ പുസ്തകത്തിന്റെ കോപ്പി ഹാരി പോട്ടറിന്റെ ആദ്യ എഡിഷൻ ആണെന്ന് ബർട്ടൺ അപ്പോൺ ട്രെന്റിലെ ഒരു കൗൺസൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപിക തന്റെ വീട്ടിലെ പുസ്തകങ്ങളെല്ലാം മക്കൾ സസൂക്ഷ്മം വയ്ക്കുന്നുണ്ടെന്നും ഉറപ്പു വരുത്തിയിരുന്നു. മക്കളും തന്നെപ്പോലെ വായനയിൽ ശ്രദ്ധ നൽകണമെന്ന് ആ അദ്ധ്യാപിക അതിയായി ആഗ്രഹിച്ചു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, അവരുടെ കൈയിലെ ഹാരി പോട്ടറിന്റെ കോപ്പി സ്റ്റാറ്റ്സ്ഫർഡ് ഷയറിലെ ഹാൻസൺസ് ലേലസ്ഥാപനത്തിന്റെ പക്കലെത്തിക്കുകയും ലേലത്തിലൂടെ വലിയ തുക ആ പെൺമക്കൾക്ക് ലഭിക്കുകയും ചെയ്യും. "അമ്മയുടെ സ്നേഹം എക്കാലത്തും നിലനിൽക്കുന്നു. അവർ മക്കൾക്ക് നൽകിയ ഈ അപ്രതീക്ഷിത സമ്മാനം സ്വർഗത്തിൽ നിന്ന് നേരിട്ടെത്തിയതാണെന്ന് തോന്നുന്നു" എന്നാണ് ഹാൻസൺസ് ലേലസ്ഥാപന ഉടമയായ ചാൾസ് ഹാൻസൺ പറയുന്നു.
അമ്മയുടെ മരണ ശേഷം 16 വർഷമായി പുസ്തകം അലമാരയിൽ പൊടിപിടിച്ച് ഇരിക്കുകയായിരുന്നുവെന്നാണ് 31കാരിയായ മൂത്ത മകൾ ബിർമിംഗ്ഹാം പറയുന്നത്. ലേലത്തിൽ ലഭിക്കുന്ന പണം നാല് സഹോദരിമാരും തുല്യമായി പങ്കിട്ടെടുക്കുമെന്നും അവർ അറിയിച്ചു. ജെ.കെ. റൗളിംഗ് എഴുതിയ ലോകപ്രസിദ്ധമായ ഹാരി പോട്ടർ സീരീസിലെ ആദ്യത്തെ പുസ്തകമാണ് 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ'. 1997 ജൂൺ 30-നാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ബ്ലൂംസ്ബെറി ആയിരുന്നു പ്രസാധകർ.