refugee

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ എതിര്‍പ്പ് തുടരുമ്പോഴും 14 വയസുള്ള റോഹിംഗ്യന്‍ പെണ്‍കുട്ടിയെ മ്യാന്‍മറിലേക്ക് നാടുകടത്താന്‍ ഒരുങ്ങി ഇന്ത്യ. ബംഗ്ലാദേശില്‍ നിന്നും മണിപ്പൂരിലെ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന പെണ്‍കുട്ടിയെ പൊലീസ് പിടികൂടുകയായിരുന്നു.

പെണ്‍കുട്ടി കുടുംബത്തോടൊപ്പം ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി സെറ്റില്‍മെന്റായ കോക്‌സ് ബാസാറിലായിരുന്ന കഴിഞ്ഞ ഒരു വര്‍ഷമായി താമസിച്ചിരുന്നത്. കുട്ടിക്ക് മ്യാന്‍മറില്‍ ബന്ധുകളില്ലെന്നും പിന്നെ എന്തിനാണ് പെണ്‍കുട്ടിയെ അവിടേക്ക് നാടുകടത്തുന്നത് എന്ന് വനിതാ സന്നദ്ധ സംഘടനയായ നിവേദിതയുടെ ഭാരവാഹി ഡിപാ റോയി ചോദിക്കുന്നു. അതേസമയം വിഷയത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും ഉന്നതങ്ങളില്‍ നിന്നും കര്‍ശന നിര്‍ദേശം ലഭിച്ചതായും പൊലീസ് അറിയിച്ചു.

വിദേശകാര്യ വകുപ്പും ആഭ്യന്തരവകുപ്പും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പതിനായിരത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. ഇവര്‍ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍.