tpr

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് ഉയരുന്നതിനിടെ ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ (ടി.പി.ആർ) കുറവ് രേഖപ്പെടുത്തി. ജനുവരിയിൽ 11 ശതമാനം ആയിരുന്ന ടി.പി.ആർ മാർച്ച് അവസാനത്തോടെ 3.9 ശതമാനം ആയാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ആന്റിജൻ പരിശോധനകൾ അടിസ്ഥാനമാക്കിയുള്ള ടി.പി.ആർ 23.9 ശതമാനം ആയിരുന്നു. ഡിസംബറിൽ ഇത് 10 ശതമാനമായി കുറഞ്ഞു.

എന്നാൽ, ജനുവരി ആയപ്പോഴേക്കും നിരക്ക് വീണ്ടും ഉയരുകയായിരുന്നു. ജനുവരി അവസാന ആഴ്ച ആയപ്പോഴേക്കും നിരക്ക് 11.5 ശതമാനത്തിലേക്ക് എത്തി. ഫെബ്രുവരി ആദ്യ ആഴ്ച ആയപ്പോഴേക്കും ടി.പി.ആർ 9.8 ശതമാനവും നാലാം ആഴ്ചയിൽ 5.6 ശതമാനത്തിലേക്കും താഴ്ന്നു. മാർച്ചിൽ ടി.പി.ആർ അഞ്ച് ശതമാനത്തിന് താഴെ എത്തുകയും ചെയ്തു.

ജില്ലയിൽ ഏറ്റവും കുറഞ്ഞ ടി.പി.ആർ രേഖപ്പെടുത്തിയത് മാർച്ച് മൂന്നിനായിരുന്നു, 2.5 ശതമാനം. കഴിഞ്ഞ ജൂലായ് മുതൽ തീരപ്രദേശത്തെ ടി.പി.ആറും ഉയർന്ന് തന്നെയാണ് നിന്നത്. സാമൂഹിക വ്യാപനം സർക്കാർ സ്ഥിരീകരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ആഗസ്റ്റ് അവസാന ആഴ്ചയോടെ നിരക്ക് കുറയാൻ തുടങ്ങി. എന്നാൽ, ഇതിന് കാരണം പരിശോധനയ്ക്ക് ജനങ്ങൾ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു. 2020 ജൂലായ് ഒന്ന് മുതൽ ആഗസ്റ്ര് 22 വരെ തീരപ്രദേശത്തെ 11 പഞ്ചായത്തുകളിലായി 4,895 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാലയളവിൽ 28,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആർ 17 ശതമാനവും ആയിരുന്നു. തീരദേശത്തെ നാല് ക്ളസ്റ്ററുകളിലായി പോസിറ്റിവിറ്റി നിരക്ക് 20 ശതമാനവുമായി. പൂന്തുറ (20.4%), പുല്ലുവിള (29.1%), അഞ്ചുതെങ്ങ് (23.6%), പൂവാർ (21.2%) എന്നിങ്ങനെയാണ് ക്ളസ്റ്ററുകളിൽ രേഖപ്പെടുത്തിയ ടി.പി.ആർ.

കഴിഞ്ഞ മാസത്തിലെ നാല് ആഴ്ചകളിലും ആന്റിജൻ ടെസ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള ടി.പി.ആർ ഒരിക്കൽ പോലും നാല് ശതമാനത്തിന് മുകളിൽ പോയിരുന്നില്ല. അന്ന് ജില്ലയിൽ നടത്തിയ 23,711 ആന്റിജൻ ടെസ്റ്റുകളിൽ 828 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിന് ശേഷം ജില്ലയിലെ പ്രധാന ആശുപത്രികളിൽ നടത്തിയ ഏറ്റവും കുറച്ച് ആന്റിജൻ ടെസ്റ്റുകളായിരുന്നു ഇത്. 28,989 ടെസ്റ്റുകൾ നടത്തിയപ്പോൾ 6109 പേർക്കാണ് പോസിറ്രിവായത്.


മാർച്ച് നാലാമത്തെ ആഴ്ചയിലെ കണക്കുകൾ പ്രകാരം സ്വകാര്യ ആശുപത്രികളിലെ ആന്റിജൻ പരിശോധന അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി റ്റേറ്റ് 8.4 ശതമാനത്തിൽ നിന്ന് 3.3 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിൽ ടി.പി.ആർ ജനുവരിയിലും ഫെബ്രുവരിയിലും അഞ്ച് ശതമാനവും ആയിരുന്നു. എന്നാൽ, മാർച്ച് ആയപ്പോഴേക്കും നിരക്ക് 2.7 ശതമാനം ആയി താഴ്ന്നു. മാർച്ചിൽ സ്വകാര്യ മേഖലയിൽ 43,188 ആന്റിജൻ പരിശോധനകൾ നടത്തിയപ്പോൾ 1325 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരിയിലും ഫെബ്രുവരിയിലുമായി സ്വകാര്യമേഖലയിലെ ആശുപത്രികളിലും ലാബുകളിലുമായി 6000 പോസിറ്റീവ് കേസുകാണ് സ്ഥിരീകരിച്ചത്. മാർച്ച് 31 വരെ ആകെ 7,89,088 ആന്റിജൻ ടെസ്റ്റുകളാണ് ജില്ലയിൽ നടത്തിയത്. ഇതിൽ 4,98,477 ടെസ്റ്റുകൾ സർക്കാർ മേഖലയിലും 2,91,854 പരിശോധനകൾ സ്വകാര്യ മേഖലയിലുമായിരുന്നു.