തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലായതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമം നിയസഭാ മണ്ഡലത്തിലെ പ്രചാരണം റദ്ദാക്കി. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി റോഡ് ഷോ നടത്താൻ പ്രിയങ്ക ഗാന്ധി നാളെയാണ് എത്തേണ്ടിയിരുന്നത്.
ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തിൽ പോയത്. പ്രിയങ്കയ്ക്ക് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാലും മൂന്നോ നാലോ ദിവസം നിരീക്ഷണത്തിൽ തുടരനാണ് ഡോക്ടർമാരുടെ നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ആസാമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്‌നാട്ടിലേക്കും വൈകിട്ടോടെ തിരുവനന്തപുരത്തും എത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് നേമം മണ്ഡലത്തിൽ നിശ്ചയിച്ച റോഡ് ഷോയിൽ പങ്കെടുക്കാനായില്ല. സമയക്കുറവും പൊലീസിന്റെ എതിർപ്പുമാണ് ഇതിന് കാരണമായി ജില്ലാ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ റോഡ് ഷോയ്ക്കായി പ്രിയങ്കയെ എത്തിക്കാത്തതിൽ നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ഇതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ കാണാനെത്തിയപ്പോൾ റോഡ് ഷോയ്ക്കായി നേമത്ത് വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിച്ചു. സന്ദർശിക്കാനെത്തിയ കഴക്കൂട്ടത്തെ സ്ഥാനാർഥി ഡോ. എസ്.എസ്. ലാലിനോടും താൻ പ്രചാരണത്തിനെത്തുമെന്ന് പ്രിയങ്ക അറിയിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമത്ത് റോഡ് ഷോ നടന്നില്ലെങ്കിൽ മറ്റു പല വ്യാഖ്യാനങ്ങളും ഉണ്ടാകാനിടയുണ്ട്. നെഹ്റു കുടുംബത്തിലെ ഒരംഗം പ്രചാരണത്തിനെത്തുന്നതിലും വലുതായി ഒന്നുമില്ല എന്നായിരുന്നു പ്രിയങ്ക പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചതിനുശേഷമുള്ള കെ മുരളീധരന്റെ പ്രതികരണം.