bike-temple-1

ജയ്‌പൂ‍ർ: ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ നമുക്ക് സാദ്ധിച്ചുവെന്ന് വരില്ല. കല്ലിനെയും മരത്തെയും എന്തിന് മൃഗങ്ങളെ വരെ ദൈവമായി ആരാധിക്കുന്ന ഇന്ത്യയില്‍ ബുള്ളറ്റിനെ ദൈവമായി കരുതുന്ന ഗ്രാമമുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. പക്ഷേ അതിന് പിന്നിലെ കാരണം അത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. അത്തരത്തിലൊരു പ്രേതകഥയും ബുള്ളറ്റ് ദൈവവുമാണ് രാജസ്ഥാനിലെ ജോധ്‌പൂരിലുള്ളത്. 30 വര്‍ഷത്തെ പഴക്കമേയുള്ളു ഈ കഥക്ക് എന്നുള്ളത് ആധുനിക കാലത്തും ഇന്ത്യയില്‍ അന്തവിശ്വാസങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും കുറവില്ല എന്നുകൂടി തെളിയിക്കുകയാണ്.

bike-temple-2

ഒരു ഗ്രാമം മുഴുവനുമാണ് 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിനെ ദൈവമായി ആരാധിക്കുന്നത്. സുരക്ഷിതമായ യാത്രയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനെത്തുന്നവരാണ് ഇവിടുത്തെ ഭക്തര്‍.1991 മുതലാണ് ബുള്ളറ്റിനെ ഇവിടെ ദൈവമായി ആരാധിക്കാന്‍ തുടങ്ങുന്നത്. അന്നത്തെ ആ ബുള്ളറ്റാണ് ഭക്തര്‍ക്കും തന്നെ തേടി എത്തുന്നവര്‍ക്കും ശുഭയാത്ര ആശംസിച്ച് ഒരു മരച്ചുവടിന് സമീപമുള്ള ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്. ജോധ്‌പൂരിലാണ് ബുള്ളറ്റ് ബാബ എന്ന ഓം ബന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

bike-temple-3

ക്ഷേത്രത്തിന് പിന്നിലുള്ള പ്രേതകഥ

ജോധ്‌പൂരിന് സമീപമുള്ള ഛോട്ടിലാ ഗ്രാമത്തിന്റെ തലവനായിരുന്ന ജോഗ് സിങ്ങിന്റെ മകനായിരുന്നു ഓം സിംഗ്. ഓം ബന്ന എന്നും ഇയാളെ വിളിക്കുമായിരുന്നു. 1988ല്‍ പിതാവ് സമ്മാനമായി നല്‍കിയ ബുള്ളറ്റില്‍ കറങ്ങാനിറങ്ങിയ ഓം സിങ്ങ് നിയന്ത്രണം വിട്ട ലോറിയിടിച്ച് മരണപ്പെട്ടു. അപകട മരണമായതിനാല്‍ പൊലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ പിറ്റേദിവസം രാവിലെ നോക്കുമ്പോള്‍ സ്റ്റേഷനിൽ ബുള്ളറ്റ് കാണാനില്ല. അന്വേഷിച്ചിറങ്ങിയ പൊലീസുകള്‍ ബുള്ളറ്റ് കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്ന്. നാട്ടുക്കാരുടെ ആരുടെയെങ്കിലും പണിയാണെന്ന് വിചാരിച്ച പൊലീസ് വണ്ടിയിലെ പെട്രോള്‍ മാറ്റി വീണ്ടും സ്റ്റേഷനില്‍ കൊണ്ടുപോയിവച്ചു. എന്നാല്‍ വീണ്ടും തലേദിവസത്തെ സംഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. അവസാനം പൊലീസുകാര്‍ ബുള്ളറ്റ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ബുള്ളറ്റ് വീട്ടുകാരുടെ കയ്യില്‍ എത്തിയെങ്കിലും പിന്നീടവര്‍ അത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. പിന്നെയാണ് ഗ്രാമത്തെ ആകെ ഞെട്ടിച്ച സംഭവമുണ്ടായത്. ബുള്ളറ്റ് വീണ്ടും അപകടം നടന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തി. അതും 400 കിലോമീറ്റര്‍ അകലെ നിന്നും. അതോടെ ഒരു പ്രേതകഥയായി ഇത് നാട്ടിലെങ്ങും വ്യാപിച്ചു. ഇതോടെ നാട്ടുകാര്‍ ബുള്ളറ്റിനായി ക്ഷേത്രം പണിത് അവിടെ പൂജയും തുടങ്ങി. ഓം ബന്നയുടെ ബൈക്ക് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.

bike-temple-4

ബിയര്‍ പ്രധാന വഴിപാട്

മദ്യപിച്ച് വണ്ടിയോടിച്ചതിനാലാണ് ഓം ബന്ന മരിച്ചതെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. അതിനു കാരണമായി അവര്‍ പറയുന്നത് രാത്രി കാലങ്ങളില്‍ ഇതുവഴി പോകുന്നവരോട് ഒരു ചെറുപ്പക്കാരന്‍ മദ്യം ചോദിക്കാറുണ്ടെന്നാണ്. അതുകൊണ്ടുതന്നെ ഓം ബന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് ബിയര്‍. ഇവിടെ എത്തുന്നവര്‍ ക്ഷേത്രത്തിനു മുന്നില്‍ എത്തുമ്പോള്‍ ബിയര്‍ വാങ്ങി ഓം ബന്നയുടെ മാര്‍ബിളില്‍ നിര്‍മിച്ചിരിക്കുന്ന രൂപത്തില്‍ അഭിഷേകമായി ഒഴിക്കുമത്രെ. കൂടാതെ ഇവിടെ എത്തുന്നവര്‍ ബാബയോടുള്ള ആദര സൂചകമായി ഹോണും മുഴക്കാറുണ്ട്. ഇങ്ങനെ ചെയ്യാത്തവര്‍ അപകടത്തില്‍ പെടുമെന്നും നാട്ടുകാര്‍ പറയുന്നു.