modi2

കോന്നി:ബി ജെ പിയെ അധികാരത്തിൽ എത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോന്നിയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാൻ ഇ ശ്രീധരൻ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ആളാകുമെന്നും അദ്ദേഹം പറഞ്ഞു.ഇടത് വലത് മുന്നണികളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

കൈകൾ മുകളിലേക്കുയർത്തി ശരണം വിളിച്ചുകൊണ്ട് പ്രസംഗത്തിന് തുടക്കമിട്ട മോദി പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ പറയുകയും കവി പന്തളം കേരളവർമയെ അനുസ്മരിക്കുകയും ചെയ്തു. അടിച്ചമർത്തലുകൾക്ക് എതിരായി ജനങ്ങൾ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. കഠിനാദ്ധ്വാനം ചെയ്യുന്ന പാർട്ടിപ്രവർത്തകർക്കും അദ്ദേഹം അഭിവാദ്യമർപ്പിച്ചു.

'കേരളം ഏറെ മാറിക്കഴിഞ്ഞു. അതിന് തെളിവാണ് ഇവിടെ കാണുന്ന ജനക്കൂട്ടം. ഡൽഹിയിലിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകർക്ക് കേരളത്തിന്റെ മാറ്റം മനസിലാകുന്നില്ല. ഇത് ഭഗവാൻ അയ്യന്റെ നാടാണ്. ആത്മീയതയുടെ നാട്ടിൽ എത്താൻ ക‌ഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ യു ഡി എഫിനോടും എൽ ഡി എഫിനോടും നിങ്ങൾ വേണ്ട എന്ന് ആവശ്യപ്പെടുകയാണ്. ഇവിടത്തെ ജനങ്ങൾ ബി ജെ പിയുടെ വികസന അജണ്ടകൾ അംഗീകരിക്കാൻ തയ്യാറായിരിക്കുകയാണ്. ബി ജെ പിയെ അധികാരത്തിലെത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുകയാണ്. പ്രൊഫഷണലുകളായ ആളുകൾ ഭാരതീയ ജനതാപാർട്ടിയെ അനുഗ്രഹിക്കുന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാസമ്പന്നരായിട്ടുള്ള ആളുകൾ ബിജെപിക്കൊപ്പം ചേർന്ന് നടന്നുകൊണ്ടിരിക്കുന്നു. മെട്രോമാനെപ്പോലുള്ള ഏറ്റവും ആദരണീയരായ വ്യക്തിയുടെ രാഷ്ട്രീയ പ്രവേശം എല്ലാ കണക്കുകൂട്ടലുകളെയും തകർത്തിരിക്കുകയാണ്' -പ്രധാനമന്ത്രി പറഞ്ഞു.

'എൽ ഡിഎഫും യു ഡി എഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്. ഒന്ന്-ദുരഭിമാനവും അഹങ്കരവും മുഖമുദ്ര‌യാക്കി പ്രവർത്തിച്ചു. ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് രണ്ടു മുന്നണികൾക്കും. രണ്ട്-പണത്തോടുള്ള അത്യാർത്തി, കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള ഡോളർ, സോളാർ തട്ടിപ്പുകളും അഴിമതികളും നാം കണ്ടു. മൂന്ന്- ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പക, സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സർക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ല. നാല്- പരസ്പരം അസൂയ, അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫിനും യുഡിഎഫിനും പരസപരം അസൂയയാണ്. ആര് കൂടുതൽ അഴിമതി നടത്തുമെന്നാണ് അവരുടെ ചിന്ത.

അഞ്ച്- അധികാരക്കൊതി. വർഗീയ ശക്തികൾ, ക്രിമിനൽ സഖ്യങ്ങളുമായി അടുപ്പമുണ്ടാക്കി അധികാരത്തിലെത്താനാണ് അവർ ശ്രമിക്കുന്നത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽഡിഫ്- യുഡിഫ് ധാരണ ഉണ്ടാകുന്നു. ആറ്- കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നേതാക്കളുടെ മക്കളുടെ ചെയ്തികൾ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷത്തെ ഒരു വലിയ നേതാവിന്റെ മകൻ കുറച്ച് കാലങ്ങളായി ചെയ്ത കാര്യങ്ങൾ എന്താണെന്ന് എല്ലാവർക്കും അറിയാം. വിക്രിയകൾ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഏഴ്- നിഷ്‌ക്രിയത്വമാണ് അവരുടെ മുഖമുദ്ര, സ്വന്തം കാര്യങ്ങളാണക അവർക്ക് മുന്നിലുള്ളത്. ജനം രണ്ടാമത്തെ കാര്യമാണ്'-മോദി പറഞ്ഞു.

'കേരളത്തിന്റെ സംസ്കാരത്തെ എൽഡിഎഫ് ആക്ഷേപിച്ചു. കേരളത്തിലെ പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഇടത് പക്ഷം ഏജന്റുമാരെ ഉപയോഗിച്ചു. ഭക്തർ കുറ്റവാളികൾ അല്ല. ഇടതു പക്ഷത്തിന്റെ കള്ളത്തരങ്ങൾ അധികനാൾ വില പോകില്ല. ഇറക്കു മതി ചെയ്ത പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ നാടിന്റെ സംസ്കാരത്തെ തകർക്കാൻ കഴിയില്ല. നാടിന്റെ സംസ്കാരത്തെ തകർക്കാനുള്ള നീക്കങ്ങളെ ബിജെപി പ്രവർത്തകർ ചെറുത്ത് തോൽപ്പിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. ആറന്മുള കണ്ണാടിയാണ് അദ്ദേഹത്തിന് ഉപഹാരമായി നൽകിയത്.കോന്നിയിലെ യോഗത്തിനുശേഷം കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും. വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് കേരളത്തിലെ അദ്ദേഹത്തിന്റെ പരിപാടി. ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ പങ്കെടുക്കും.കഴിഞ്ഞ ദിവസം പാലക്കാട് കോട്ട മൈതാനിയിലെ റാലിയിലും മോദി പങ്കെടുത്തിരുന്നു.