മാധവനാശാരി സ്വയം പറയാറുണ്ട്. കർമ്മംകൊണ്ട് ഞാനൊരു ദാസനാണ്. ചിന്തകളിൽ ഒരു രാജാവും. ആ രാജാവിനെ മറ്റാരും അംഗീകരിക്കണമെന്നില്ല. മറ്റുള്ളവരുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റാൻ മനുഷ്യർ എന്തെല്ലാം കാട്ടിക്കൂട്ടുന്നു. അളവറ്റ ചാപല്യങ്ങൾ പലതും അതിബാലിശങ്ങൾ. ചിന്തകളിൽ കൂടി രാജാവല്ലാതെ ദാസനായി മാറിക്കഴിഞ്ഞാൽ അയാൾക്ക് എന്തു വ്യക്തിത്വമാണ്. കണ്ണടച്ച് തപസ് ചെയ്യുന്ന ഭിക്ഷു അന്യരുടെ ദൃഷ്ടിയിൽ കോമാളിയായിരിക്കാം. ചിന്തകളിൽ അയാൾ മഹാരാജാവായി വാഴുകയാണെന്ന് മനസിലാക്കുന്നവർ കുറയും.
വർഷത്തിൽ പതിനൊന്നുമാസം അവധിപോലുമില്ലാതെ മാധവനാശാരി കഠിനാദ്ധ്വാനം ചെയ്യും. ഒരുമാസം യാത്രകൾക്കും പഴയസുഹൃത്തുക്കളെ കാണാനുമായി മാറ്റിവയ്ക്കും. വിവാഹത്തിനുശേഷവും ഈ ജീവിതശൈലിയിൽ മാറ്റം വരുത്തിയില്ല. ഈ ജന്മത്തിൽ അധികാരികളാകുന്നവർ കഴിഞ്ഞ ജന്മത്തിൽ ചിലപ്പോൾ കോമാളികളിയായിരുന്നിരിക്കാം. അതിന്റെ രഹസ്യ ഭാഷ പ്രകൃതിക്കും കാലത്തിനും മാത്രമേ അറിയൂ. ഈ ജന്മം ദുഃഖിക്കുന്ന പലരും കഴിഞ്ഞജന്മം സുഖസമൃദ്ധിയിൽ നീന്തിക്കുളിച്ചവരായിരിക്കാം. സുഹൃത്തുക്കളുടെ വീടുകളിൽ ചെന്നാൽ മാധവനാശാരിക്ക് വലിയ സ്വീകരണമാണ്. കുടുംബത്തിലെല്ലാവർക്കും ആഹ്ലാദമാണ്. ഇത്രയേറെ അറിവും ചിന്തകളും എങ്ങനെ കൈവുന്നുവെന്ന് പലരും അസൂയയോടെ ചോദിക്കാറുണ്ട്. അവരുടെ ഉന്നത പദവികളും അക്കാഡമിക് നേട്ടങ്ങളുമൊക്കെ നിസാരമാണെന്ന് പലരും തുറന്ന് സമ്മതിക്കാറുണ്ട്.
ഭൂമിയിൽ പിറന്നവരെല്ലാം സ്വന്തം ശരീരത്തിന്റെയും മനസിന്റെയും രാജാക്കന്മാരാണെന്നാണ് മാധവനാശാരിയുടെ പക്ഷം. ആ രാജാവിനെ കീഴ്പ്പെടുത്താനും നാടുകടത്താനുമായി രണ്ടു പ്രബലശത്രുക്കൾ രാവും പകലും പതിയിരിക്കുന്നു. അഹംഭാവവും അലംഭാവവും. എത്രസമർത്ഥനായാലും അനുഗ്രഹീതനായാലും ഇതിലൊരു ശത്രു വിചാരിച്ചാൽ മതി. ഈ രണ്ട് ശത്രുക്കളും തന്നിൽതന്നെ കുടികൊള്ളുന്നുവെന്ന സത്യം അധികമാരും തിരിച്ചറിയുന്നില്ല. അവരുമായി ഇടപഴകുന്നവർക്ക് ക്രമേണ മനസിലാകുകയും ചെയ്യും. കഠിനാദ്ധ്വാനിയാണെന്ന് സ്വയം ഭാവിക്കുകയും മറ്റുള്ളവരെക്കൊണ്ട് പറയിക്കുകയും ചെയ്യുന്ന പലരും അലംഭാവത്തിന്റെ അവതാരമായിരിക്കും. പ്രകൃതിയിലെ കോടാനുകോടി ജീവജാലങ്ങളേക്കാൾ എന്തോ മികവ് തനിക്കുണ്ടെന്ന് അഹംഭാവി തെറ്റിദ്ധരിക്കുന്നു. അയാൾ തൊടുന്നതും പറയുന്നതും എഴുതുന്നതുമെല്ലാം അഹംഭാവത്തിൽ നിലയുറപ്പിച്ചാകും. നേരിൽ കൈയടിക്കാൻ വിധിക്കപ്പെട്ടവരും പ്രശംസിക്കാൻ നിയോഗിക്കപ്പെട്ടവരും പരമപുച്ഛത്തോടെയാകും അയാളെ വിലയിരുത്തുന്നതെന്ന് അയാൾ മാത്രം അറിയുന്നില്ല. ചുറ്റിനും ഒന്നു കണ്ണോടിച്ചാൽ മതി. ഈ കാണുന്ന അനന്തകോടി നാദങ്ങളിൽ തന്റെ സംഭാവനയെന്ത്. അതിനുത്തരം തേടിയാൽ തന്നെ അഹംഭാവവും അലംഭാവവുമാകുന്ന പ്രേതബാധ ഒഴിഞ്ഞുപോകും. മാധവനാശാരി ഇങ്ങനെ ചിന്തകൾ ചീറ്റിയിടും.
(ഫോൺ: 9946108220)