temple

മംഗളൂരു: ക്ഷേത്രത്തിലെ കാണിക്കയിലേക്ക് മനുഷ്യവിസർജ്യം ഇട്ട കേസിൽ രണ്ടുപേർ പിടിയിലായി. കർണാടകയിലെ മംഗലാപുരത്താണ് സംഭവം. ഇവിടെ കോരഗജ്ജ ക്ഷേത്രത്തിലെ കാണിക്കയിലേക്ക് മാലിന്യം നിക്ഷേപിച്ച അബ്‌ദുൾ റഹീം, തൗഫീഖ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ സുഹൃത്ത് നവാസിനൊപ്പമാണ് മാലിന്യം നിക്ഷേപിച്ചത്. സംഭവം സ്ഥലത്തെ ജനങ്ങൾ ഞെട്ടലോടെയാണ് അറിഞ്ഞത്.

കുറ്റകൃത്യത്തിൽ ഒപ്പമുണ്ടായിരുന്ന നവാസിന് പെട്ടെന്ന് സുഖമില്ലാതാകുകയും തുടർന്ന് മരണപ്പെടുകയും ചെയ്‌തതാണ് പ്രതികളെ കുറ്റം ഏ‌റ്റുപറയാൻ ഇടയാക്കിയത്. മരണമടയും മുൻപ് അബ്‌ദുൾ റഹീമിനോടും തൗഫീഖിനോടും ക്ഷേത്രത്തിലെത്തി കു‌റ്റം ഏ‌റ്റുപറയണമെന്ന് നവാസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോരഗജ്ജ ക്ഷേത്രത്തിലെത്തിയ പ്രതികൾ ക്ഷേത്ര പൂ‌ജാരിയോടും പിന്നീട് പൊലീസിനോടും കു‌റ്റം ഏ‌റ്റുപറഞ്ഞ് കീഴടങ്ങി.

നവാസിന് രോഗം മൂർച്ഛിച്ച് മരണമടഞ്ഞ ശേഷം തൗഫീഖിനും രോഗം ബാധിച്ചു. രോഗം മൂർച്ഛിച്ചതോടെ ഭയന്നുപോയ അബ്‌ദുൾ റഹീമും തൗഫീഖും സംഭവം ഏ‌റ്റുപറഞ്ഞ് കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കൂടോത്രത്തിലും മന്ത്രവാദത്തിലും വിശ്വസിച്ചിരുന്നയാളാണ് മരിച്ച നവാസ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇവർ ക്ഷേത്രത്തിൽ അതിക്രമം കാട്ടിയത്.

മതവികാരം വ്രണപ്പെടുത്തിയതിനും ക്ഷേത്രത്തിൽ അതിക്രമം കാട്ടിയതിനും ഇവർക്കുമേൽ കേസെടുത്തതായി മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശി കുമാർ അറിയിച്ചു.