വാഷിംഗ്‌ടൺ: തന്റെ വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാർക്കും പത്ര പ്രവർത്തകർക്കും ഐസ്‌ക്രീം നൽകി ഏപ്രിൽ ഫൂളാക്കി അമേരിക്കൻ പ്രഥമ വനിത. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡനാണ് ഫ്‌ളൈറ്റ് അറ്റന്റൻഡായി വേഷംമാറി വിമാനത്തിലിരുന്നവർക്ക് ഐസ്ക്രീം നൽകിയത്.
കാലിഫോർണിയയിൽ നിന്നും വാഷിംഗ്‌ടണിലേക്ക് തിരികെ പോകുമ്പോഴാണ് തന്റെ വിമാനത്തിലെ ജീവനക്കാരെ ജിൽ പറ്റിച്ചത്. ജാസ്‌മിൻ എന്ന് പേര് മാറ്റി ഫ്‌ളൈറ്റ് അറ്റന്റൻഡിന്റെ വേഷത്തിലെത്തിയ ജിൽ എല്ലാവർക്കും ഐസ്‌ക്രിം നൽകി. വാങ്ങിയവരെല്ലാം ഐസ്‌ക്രീം വാങ്ങി കഴിച്ചുതുടങ്ങിയതോടെ വിഗും മറ്റ് മേക്കപ്പും നീക്കി 'ഏപ്രിൽഫൂൾ' എന്ന് ജിൽ ഉറക്കെ പറഞ്ഞു. അപ്പോഴാണ് തങ്ങളുടെ മുന്നിൽ നിൽക്കുന്നത് രാജ്യത്തെ പ്രഥമ വനിതയാണെന്ന് അവരെല്ലാം മനസ്സിലാക്കിയത്.
മുൻപും ജിൽ വേഷംമാറി മറ്റുളളവരെ ഏപ്രിൽഫൂളാക്കിയിട്ടുണ്ട്. ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക വിമാനത്തിലെ ജീവനക്കാരെയായിരുന്നു ജിൽ ബൈഡൻ അന്ന് പറ്റിച്ചത്.