hop-shoots

പാട്ന:കിലോയ്ക്ക് വില ഒരുലക്ഷം രൂപ. കൃഷി രീതിയും അത്ര പ്രയാസമല്ല. എങ്കിൽപ്പിന്നെ കൃഷി തുടങ്ങിയാലോ? അത്യപൂർവ പച്ചക്കറി ഇനമായ ഹോപ് ഷൂട്ട്‌സ് ആണ് കിലോയ്ക്ക് മോഹവില കിട്ടുന്ന കക്ഷി. കേരളത്തിലെന്നല്ല ഇന്ത്യയിൽത്തന്നെ ഹോപ് ഷൂട്ട്‌സിനെ അറിയാവുന്നവർ അപൂർവത്തിൽ അപൂർവമാണ്. ചോളത്തിന്റെ ആകൃതിയാണ്. ചണം, കഞ്ചാവ് തുടങ്ങിയ സസ്യവർഗത്തിലെ അംഗമാണ് ഹോപ് ഷൂട്ട്‌സ്.ചെടിയുടെ ഫലം, പൂവ്, തണ്ട് തുടങ്ങി ഒട്ടുമിക്ക ഭാഗങ്ങളും ഉപയോഗപ്രഥമാണ്. ബിയർനിർമ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ ഇതിന്റെ കൃഷി ഇല്ലെന്നുതന്നെ പറയാം. പ്രത്യേക ആവശ്യപ്രകാരം മാത്രമാണ് ഇന്ത്യൻ വിപണിയിൽ ഹോപ് ഷൂട്ട്‌സ് എത്തിക്കുന്നത്. ആവശ്യപ്പെടുന്നവർക്ക് സമയത്തിന് കിട്ടുമെന്നും ഉറപ്പി​ല്ല. വിപണിയിലെ ലഭ്യതക്കുറവുതന്നെയാണ് കാരണം. അന്താരാഷ്ട്ര വിപണിയിൽ തന്നെ ആറുവർഷം മുമ്പുമാത്രമാണ് ഹോപ് ഷൂട്ട്‌സ് രംഗപ്രവേശം ചെയ്തത്. ഇത്രയ്ക്ക് താരമൂല്യമുള്ള ഹോപ് ഷൂട്ട്‌സിനെ ഇന്ത്യയിൽ കൃഷിചെയ്യാൻ ഒരുങ്ങുകയാണ് ബീഹാറിലെ ഒരു യുവ കർഷകൻ. ഔറംഗാബാദിലെ അമരേഷ് സിംഗ് എന്ന മുപ്പത്തിയെട്ടുകാരനാണ് വലിയ റിസ്‌കെടുത്ത് ഹോപ് ഷൂട്ട്‌സ് കൃഷി ചെയ്യാനൊരുങ്ങുന്നത്. വാരാണസിയിലെ ഇന്ത്യൻ വെജിറ്റബിൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അമരേഷ് ഹോപ് ഷൂട്ട്‌സിന്റെ തൈകൾ സംഘടിപ്പിച്ചത്. ഇതിന് നല്ല വിലകൊടുക്കേണ്ടിയും വന്നു. ഇതിന്റെ കൃഷി കൂടുതൽ വ്യാപിപ്പിക്കാനായാൽ കർഷകരുടെയും അതിലൂടെ രാജ്യത്തിന്റെയും ജാതകം തന്നെ പൊളിച്ചെഴുതപ്പെട്ടേക്കാം.

അർബുദം, ക്ഷയം എന്നിവ മാറ്റാനും ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും കൂട്ടാനും കഴിവുള്ള ഹോപ് ഷൂട്ട്‌സിന് വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയെ തുരത്താനും കഴിവുണ്ട്. ഈ ഗുണഗണങ്ങളാണ് വില വാനോളം ഉയരത്തിലെത്തുന്നതിന് പിന്നിലെ രഹസ്യവും.