ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതികരണം എടുക്കാന്‍ ചെന്ന മാദ്ധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വൈദ്യുതി മന്ത്രി എം.എം മണി. നിങ്ങള്‍ കൊണ കൊണാന്ന് എന്നോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ മന്ത്രി താന്‍ പറയുന്നത് കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ പോയിക്കൊള്ളാമെന്നും നിര്‍ദ്ദേശിച്ചു. അതും ഇതുമൊക്കെ പറഞ്ഞാന്‍ ഞാന്‍ വല്ലതും വിളിച്ച് പറയും. വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാദ്ധ്യമങ്ങള്‍ സ്വയം അന്വേഷിക്കണം. കെഎസ്ഇബി വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ഉണ്ട്. അദാനിയുമായി കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കരാര്‍ വച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ വകുപ്പുമായി മാത്രമേ കരാര്‍ ഉള്ളൂ. ചെന്നിത്തല പറയുന്നത് ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനുണ്ടെന്ന്. ആ പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെയൊന്നും കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത് 35 ശതമാനം വൈദ്യുതിയാണ്. ബാക്കി വാങ്ങുന്നു. അതിന് ഞങ്ങള്‍ അദാനിയുടെയോ മറ്റ് കുത്തകകളുടെയോ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല. വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് കിട്ടും. ഇവിടെ പറയുന്നത് കേട്ടാല്‍ തോന്നുക ഇഷ്ടം പോലെ ജലവൈദ്യുതി കിട്ടാനുണ്ടെന്നാണ്. അങ്ങിനെയൊന്നും കിട്ടാനില്ല. കിട്ടുമെങ്കില്‍ അതല്ലേ വാങ്ങൂ. ചെറുകിട പദ്ധതികള്‍ നിര്‍മാണത്തിലുണ്ട്. 25 വര്‍ഷത്തേക്ക് അവര്‍ തരുന്ന വൈദ്യുതി മിനിമം റേറ്റില്‍ വാങ്ങും. അത് കഴിഞ്ഞാല്‍ സ്ഥാപനം തന്നെ ഞങ്ങള്‍ക്ക് തരണമെന്നാണ് നിലപാട്,' അദ്ദേഹം വ്യക്തമാക്കി.
'പ്രതിപക്ഷ നേതാവ് കഥയറിയാതെ പറയുകയാണ്. കേന്ദ്ര എനര്‍ജി കോര്‍പറേഷനാണ് കേരളത്തിന് വൈദ്യുതി തരുന്നത്. അത് വാങ്ങുന്നുണ്ട്. അവരുമായി വാങ്ങണമെന്ന് നിയമമുണ്ട്. അദാനിയോ, ടാറ്റയോ റിലയന്‍സുമായി ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായും കരാറില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഇത് മറ്റൊരു ബോംബാണ്. നിയമങ്ങള്‍ക്ക് വിരുദ്ധമായി കരാര്‍ ഉണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. ആര്യാടന്‍ മുഹമ്മദിന്റെ കാലത്തുവച്ച കരാര്‍ നഷ്ടമുണ്ടാക്കുന്നതാണ്. അത് റദ്ദാക്കാതിരുന്നത് നിയമപരമായ നടപടികളിലേക്ക് പോയി നഷ്ടം കൊടുക്കേണ്ടി വരുമെന്നതിനാലാണ്.'- എം.എം മണി പറഞ്ഞു.
'ചെന്നിത്തല വിഡ്ഢിത്തം തന്നെയാണ് പറയുന്നത്. സമനില തെറ്റിയ പോലെയാണ് കുറേ നാളായി സംസാരിക്കുന്നത്. സ്വര്‍ണം പിടിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സിയാണ് കേസെടുത്തത്. അതിന് മുകളില്‍ കേരള പൊലീസ് കേസെടുക്കണമെന്ന് പറഞ്ഞാല്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് കോമണ്‍ സെന്‍സുള്ളവര്‍ പറയുമോ? റേഷനരിയുടെ കാര്യത്തില്‍ കോടതിയില്‍ പോയിട്ട് എന്തുണ്ടായി?,' എന്നും മണി ചോദിച്ചു.