തായ്പേയ്: കിഴക്കൻ തായ്‌വാനിലെ ഹുലിയാനിലുള്ള തുരങ്കത്തിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി 54ഓളം പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം സംഭവവിച്ചവരിൽ കൂടുതൽ പേർ അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. അപകടം സംഭവിച്ചവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 40 വർഷത്തിനിടെ ദ്വീപിലുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇപ്പോൾ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇനിയും പരിക്കേറ്റവർ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നും അവർ അറിയിച്ചു. ഇവർക്കായുള്ള ചികിത്സ ഉറപ്പാക്കാൻ പ്രദേശത്തെ ആശുപത്രികളോട് ആവശ്യപ്പെട്ടാതായും അധികൃതർ വ്യത്കമാക്കി. കമ്പാർട്ടുമെന്‍റുകളുടെ വാതിൽ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പാളത്തിൽ നിന്ന് അകന്നുമാറിയ നാലു കമ്പാർട്ടുമെന്‍റുകൾ ടണലിൽ കുടുങ്ങി കിടക്കുകയാണ്.
ഹുലിയാനിൽ പ്രാദേശിക സമയം രാവിലെ 9.28നാണ് അപകടമുണ്ടായത്. 490 യാത്രക്കാരുമായി തയ്തങ്ങിലേക്ക് പോകവെ ടണലിന് സമീപത്ത് വെച്ച് ട്രക്കിൽ ഇടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. നിലവിൽ 350 പേരെയെ അനുവദിക്കാവൂ എന്ന നിയമം നിലനിൽക്കുന്നുണ്ട്.
അറ്റകുറ്റപ്പണി നടത്തുന്ന എൻജിനീയറിങ് ടീമിന്‍റെ ട്രക്കിൽ ട്രെയിൻ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി തായ് വാൻ റെയിൽവേ അറിയിച്ചു. കൂടാതെ റെയിൽ പാളത്തിലുള്ള ചരിവിൽ ഹാൻഡ്ബ്രേക്ക് ഉപയോഗിച്ചാണ് നിയന്ത്രിച്ചിരുന്നത്. എന്നാൽ കൃത്യസമയത്ത് ഹാൻഡ്ബ്രോക്ക് പ്രവർത്തിക്കാഞ്ഞതാണ് അപകടത്തിന് കാരണമെന്നും പറയുന്നു. കൂടുതൽ ചോദ്യംചെയ്യലിനായി ട്രെയിൻ പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്റെ ബോഗി തെന്നിമാറിയതിന്റെ ചിത്രങ്ങൾ അഗ്നിശമനാസേന പുറത്തുവിട്ടിട്ടുണ്ട്.
ടണലിലേക്ക് ട്രെയിൽ കയറി തൊട്ടുപിന്നാലെ വലിയശബ്ദം കേട്ടു. അടുത്തുനിന്ന യാത്രക്കാർ പരസ്പരം മുകളിലേക്ക് വീണു- അപകടത്തിൽ നിന്നും രക്ഷപെട്ട യാത്രക്കാരി പറഞ്ഞു.
ട്രെയിൻ യാത്രക്കാരെയും ജീവനക്കാരെയും രക്ഷപെടുത്തുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി ദ്വീപ് പ്രസിഡന്റ് സായ് ഇംഗ്-വെൻ ട്വിറ്ററിലൂടെ പറഞ്ഞു.
19ാം നൂറ്റാണ്ടിന്റെഅവസാനത്തിലാണ് ദ്വീപിൽ റെയിൽവേ ശൃഖലയുടെ നിർമ്മാണം തുടങ്ങിയത്. ചെറുതും വലുതുമായ പല അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 1991ൽ മിയാവോലിയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 30ഓളം പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2018ൽ കിഴക്കൻ തായ്‌വാനിലെ യിലാനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി 18 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വെല്ലുവിളികൾ ഏറെ
ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതുകാരണം ബോഗികളുടെ വാതിൽ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകളോളം കാത്തുകിടന്നതിന് ശേഷമാണ് യാത്രക്കാർക്ക് പുറത്തുകടക്കാൻ കഴിഞ്ഞത്. ചില യാത്രക്കാർ തങ്ങളുടെ ലഗേജുകൾ കൊണ്ട് ജനാലതകർത്ത് പുറത്തുവരാൻ ശ്രമം നടത്തിയിരുന്നു. ചിലർ ട്രെയിന് മുകളിലൂടെ കയറി ടണലിന് വെളിയിൽ എത്തുന്നതിന്റെ ചിത്രങ്ങളും ഉദ്യോഗസ്ഥർ പുറത്തുവിട്ടു. കൂടാതെ തായ്പോയ്, ന്യൂ തായ്പോയ് തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് അപകടം നടന്ന സ്ഥലത്തേക്ക് എത്താൻ രണ്ട് പ്രധാന ഹൈവേകൾ മാത്രമാണ് ഉള്ളത്. തിരക്ക് ആരംഭിക്കുന്ന സമയമായതിനാൽ രക്ഷാപ്രവർത്തനത്തിനുള്ള ഉദ്യോഗസ്ഥർക്കും ആംബുലൻസിനും എത്താൻ ഏറെസമയം വേണ്ടിവന്നു. അത് രക്ഷാപ്രവർത്തനത്തെ ഭാഗീകമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.