പാലക്കാട്: എൻ.ഡി.എ സ്ഥാനാർത്ഥി ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമാതാരം മോഹൻ ലാൽ. പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്ന് ലാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു. വികസനത്തിന്‍റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്‍റെ സേവനങ്ങൾ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരൻ സാറിന് എന്‍റെ എല്ലാവിധ വിജയ ആശംസകളും നേരുന്നതായും മോഹൻലാൽ പറഞ്ഞു.
കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാദ്ധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർത്ഥ്യമാക്കിയ ധീഷണശാലി, ഏൽപിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്കി വന്ന തുക സർക്കാരിനെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം തുടങ്ങിയ വിശേഷണങ്ങൾ പറഞ്ഞ ശേഷമാണ് ലാൽ വിജയാശംസ നേർന്നത്.
പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ വീഡിയോ ബി.ജെ.പി കേന്ദ്രങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണ്. നേരത്തെ നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ് കുമാറിനും ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിനും വേണ്ടി മോഹൽലാൽ വിഡിയോ പുറത്തിറക്കിയിരുന്നു.