ന്യൂഡൽഹി: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ നേമത്തെത്തും. പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രിയങ്ക ക്വാറന്റെെനിൽ ആയതിനാൽ കേരള യാത്ര റദ്ദാക്കുകയായിരുന്നു.
വലിയ പ്രാധാന്യത്തോടെ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിർന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി കെ. മുരളീധരൻ ഉന്നയിച്ചിരുന്നു. തുടർന്നാണ് പ്രിയങ്കാ ഗാന്ധി തന്നെ നേരിട്ട് രംഗത്തെത്താമെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് നേമത്ത് റോഡ് ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. സമയക്കുറവും പൊലീസിന്റെ എതിർപ്പുമാണ് ഇതിന് കാരണമായി ജില്ലാ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയത്. എന്നാൽ റോഡ് ഷോയ്ക്കായി പ്രിയങ്കയെ എത്തിക്കാത്തതിൽ മുരളീധരൻ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ഇതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ കാണാനെത്തിയപ്പോൾ റോഡ് ഷോയ്ക്കായി നേമത്ത് വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിക്കുകയായിരുന്നു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് കഴിഞ്ഞതവണ എൻ.ഡി.എ സ്ഥാനാർത്ഥി ഒ. രാജഗോപാൽ വിജയം നേടിയിരുന്നു. ഇത്തവണ എൻ.ഡി.എക്ക് വേണ്ടി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് മത്സരിക്കുന്നത്. വി. ശിവൻകുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.