ബ്രിട്ടൺ: കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പ്രവേശന നിഷേധിച്ച് ബ്രിട്ടൺ. ഇവിടങ്ങളിൽ നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തുന്ന സ്വദേശികൾ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി. ഈ മാസം 9 മുതൽ പാകിസ്ഥാൻ, കെനിയ, ഫിലിപ്പിൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കൊവിഡ് വർദ്ധിച്ച മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും ഈ പട്ടികയിൽ ഉൾപ്പടുത്തണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ അതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്.
അതേസമയം, ജനങ്ങൾക്ക് വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഒരുകൂട്ടം ബ്രിട്ടീഷ് നിയമനിർമ്മാതാക്കളും ഇതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കിയാൽ പൊതു സേവനങ്ങൾ, ബിസിനസുകൾ, ജോലി എന്നിവയെ ബാധിക്കുമെന്നും ഇവർ മുന്നറിയിപ്പുനൽകി. ഇതുവരെ 31 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ജൂലായ് ആദ്യത്തോടെ രാജ്യത്തെ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യം. അതേസമയം, വൈറസ് നെഗറ്റീവ് റിസൾട്ട്, വാക്സിനേഷൻ എന്നിവയുടെ കാണിക്കുന്ന സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് അടുത്തയാഴ്ചമുതൽ ഹെയർഡ്രെസറുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങലിൽ പോകാനും അനുവാദം നൽകും.