sachin

മുംബയ് : ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ മുൻകരുതലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ക്വാറന്റൈനിലായിരുന്ന താരത്തെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആശുപത്രിയിലാക്കിയത്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷിക ദിനത്തിലാണ് സച്ചിൻ ആശുപത്രിയിലായത്. വാർഷികത്തിന്റെ ആശംസകൾ പങ്കുവച്ച് സച്ചിൻ നൽകിയ ട്വീറ്റിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായ വിവരവും അറിയിച്ചത്.

കഴിഞ്ഞ മാസം റായ്പുരിൽ നടന്ന മുൻകാല താരങ്ങളുടെ റോഡ് സേഫ്ടി സിരീസിൽ പങ്കെടുത്ത് മുംബയ്‌യിലെ വീട്ടിൽ മടങ്ങിയെത്തിയശേഷമാണ് മാർച്ച് 27ന് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം റോഡ് സേഫ്ടി സിരീസിൽ പങ്കെടുത്ത യൂസഫ് പഠാൻ,ബദരിനാഥ് എന്നിവർക്കും രോഗം ബാധിച്ചിരുന്നു.

മുൻകരുതൽ എടുക്കണമെന്ന ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ പാലിച്ച് ഞാൻ ആശുപത്രിയിൽ ചികിൽസയിലാണ്. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാർക്കും ടീമംഗങ്ങൾക്കും എന്റെ ആശംസകൾ.

– സച്ചിൻ ട്വിറ്ററിൽ കുറിച്ചത്.