qq

ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥിക്യാമ്പിന് സമീപത്തെ വ്യാപാരസ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 3 പേർ മരിച്ചു. 20ലധികം കടകൾ കത്തിനശിക്കുകയും നിരവധിപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. മണിക്കൂറുകളോളം പരിശ്രമിച്ചാണ് അഗ്നി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതെന്ന് അഗ്നിശമനസേന അറിയിച്ചു. തീ അണച്ചശേഷം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ലോക്കൽ പോലീസ് മേധാവി അഹമ്മദ് സഞ്ജുർ മോർഷെഡ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ തീപിടിത്തമാണ് കഴിഞ്ഞദിവസം ഉണ്ടായത്.

മ്യാൻമറിൽ നിന്നും പലായനം ചെയ്ത ആറ് ലക്ഷത്തോളം വരുന്ന അഭയാത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിന് സമീപനമാണ് തീപിടിത്തമുണ്ടായത്. അപകടം നടക്കുമ്പോൾ വ്യാപാരകേന്ദ്രത്തിലുള്ളവർ ഉറക്കത്തിലായിരുന്നെന്നും മരിച്ചവർ തന്റെ ജോലിക്കാരാണെന്നും കട ഉടമ സ്ഥിരീകരിച്ചു. കടയിൽ ഉണ്ടായിരുന്ന അഞ്ച് തൊഴിലാളികളിൽ മൂന്ന്പേരാണ് മരിച്ചത്. രണ്ട്പേർ രക്ഷപെട്ടു. എന്നാൽ അഗ്നിബാധ ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.

അതേസമയം, മുള, ടാർപ്പോളിൻ, തുണി എന്നിവ ഉപയോഗിച്ചാണ് അഭയാർത്ഥികളുടെ ക്യാമ്പ് നിർമ്മിച്ചിരിക്കുന്നത്. തീ കൂടുതൽ പടാരാതിരുന്നതിനാൽ വൻ അപകടമാണ് ഉഴിവായതെന്ന് അധികൃർ പറഞ്ഞു.

നിലവിൽ ഈ വർഷം മറ്റ് രണ്ട് തീപിടിത്തങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരിയിൽ കോക്സ് ബസാറിലെ റോഹിംഗ്യൻ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർക്ക് ക്യാമ്പ് നഷ്ടമായിരുന്നു. മാർച്ച് 22ന് ഉണ്ടായ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെടുകയും 560 പേർക്ക് പരിക്കേൽക്കുകയും 45,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് എയ്ഡ് ഏജൻസിയും സർക്കാരും സംയുക്തമായി ഇവർക്കുള്ള താമസസൗകര്യം പുനഃർനിർമ്മിച്ചുവരികയായിരുന്നു. ഈ തിപിടിത്തത്തിന്റെ കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.