sandeep-nair-

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതരുടെയും പേര് പറയാൻ എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ അഞ്ചുമണിക്കൂർ നേരം നീണ്ടു..

മുഖ്യമന്ത്രി, സ്പീക്കർ, കെ.ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപ് മൊഴി നൽകിയിരിക്കുന്നത്. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിനായി ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. സന്ദീപിന്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയിൽ റെക്കോർഡ് ചെയ്തു.

കസ്റ്റഡിലുള്ളപ്പോൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് നേരത്തെ കത്തുനൽകിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എറണാകുളം സെഷൻസ് കോടതി അനുമതിയോടെയാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.