terrorists-killed

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികൾക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. ഇശ്റത്ത് ജാൻ (25), ഗുലാം നബി ദാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ്, സൈന്യം, സി.ആർ.പി.എഫ് വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവായ അൻവർ അഹ്മദിന്റെ വസതിയിൽ ആക്രമണം നടത്തിയ ഭീകരരെയാണ് വധിച്ചതെന്ന് കാശ്മീർ ഐ.ജി വിജയ്‌കുമാർ പറഞ്ഞു. ആക്രമണത്തനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.