delhi-capitals

ഐ.പി.എൽ 14-ാം സീസണിന് ഒൻപതാം തീയതി തുടക്കം, പുതിയ നായകനുമായി ഡെൽഹി ക്യാപിറ്റൽസ്

ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്കിടെ ശ്രേയസ് അയ്യർക്ക്പരിക്കേറ്റപ്പോൾ ഞെട്ടിയത് ഡൽഹി ക്യാപ്പിറ്റൽസായിരുന്നു. തങ്ങളുടെ നായകനാണ് തോളിന് സാരമായി പരിക്കേറ്റ് പുറത്തായിരിക്കുന്നത്. പകരം ആര് നയിക്കും എന്നതായിരുന്നു ഇതുവരെ ഐ.പി.എൽ കിരീടം നേടിയിട്ടില്ലാത്ത ക്ളബിന്റെ വിഷമം.

സത്യത്തിൽ അതിൽ വലിയ വിഷമം തോന്നേണ്ട കാര്യമൊന്നുമില്ലായിരുന്നു. നായക വേഷത്തിൽ മികവ് കാട്ടിയിട്ടുള്ള, പരിചയസമ്പന്നരായ ഒന്നിലേറെപ്പേർ ക്യാപ്പിറ്റൽസിന്റെ കൂടാരത്തിലുണ്ടായിരുന്നു.മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവ് സ്മിത്ത്,ആസ്ട്രേലിയയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച അജിങ്ക്യ രഹാനെ,ഐ.പി.എല്ലിൽ നായകരായിട്ടുള്ള ശിഖർ ധവാനും രവി ചന്ദ്രൻ അശ്വിനുമൊക്കെ ടീമിലുണ്ടായിട്ടും ക്യാപിറ്റൽസ് തങ്ങളുടെ ക്യാപ്ടനായി പ്രഖ്യാപിച്ചത് ഒരു ചെറുപ്പക്കാരനെയാണ്. ഇതുവരെ നായകനായിട്ടില്ലാത്ത ആ ചെറുപ്പക്കാരന്റെ പേര് ഋഷഭ് പന്ത്.

ധോണിയുടെ പകരക്കാരനായി അവതരിക്കുകയും ഇടയ്ക്ക് ഫോം നഷ്ടമായതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ ഒരുപാട് കേൾക്കേണ്ടിവരികയും ചെയ്ത താരമാണ് പന്ത്. എന്നാൽ ആസ്ട്രേലിയൻ പര്യടനത്തിലും ഇംഗ്ളണ്ടിനെതിരായ പരമ്പരകളിലും സ്വപ്നതുല്യമായ പ്രകടനം കാഴ്ചവച്ച് വീണ്ടും ഇന്ത്യൻ ടീമിന്റെ അഭിവാജ്യഘടകമായി മാറുകയായിരുന്നു ഋഷഭ്. ചെറുപ്പം തുളുമ്പുന്ന പുതിയ നായകനുമായെത്തുന്ന ക്യാപിറ്റൽസിന്റെ ലക്ഷ്യം കിരീടം തന്നെ.

ഉൾക്കരുത്ത്

ശ്രേയസ് അയ്യരുടെ പിൻമാറ്റം ക്യാപിറ്റൽസിനെ ഞെട്ടിച്ചെങ്കിലും അത് മറികടക്കാനുള്ള കരുത്തുണ്ട് റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ടീമിന്. ശിഖർ ധവാനും പൃഥ്വി ഷായും ചേരുന്ന ഓപ്പണിംഗ് സ്ട്രോംഗാണ്. സ്റ്റീവ് സ്മിത്ത്, ഷിമ്രോൺ ഹെറ്റ്മയർ, സാം ബില്ലിംഗ്സ്,അജിങ്ക്യ രഹാനെ, പന്ത്,മാർക്കസ് സ്റ്റോയ്നിസ് ബാറ്റിംഗ് നിരയ്ക്ക് ആഴമേറും. ക്രിസ് വോക്സും ടോം കറനും അക്ഷർ പട്ടേലും ലളിത് യാദവും അശ്വിനുമൊക്കെ സ്ക്വാഡിലുണ്ട്.

കഴിഞ്ഞ സീസണിൽ ക്ളിക്കായ ദക്ഷിണാഫ്രിക്കൻ പേസർമാരായ കാഗിസോ റബാദയും ആൻറിച്ച് നോർക്യയും ഇക്കുറിയുമുണ്ട്. ഇഷാന്ത് ശർമയും ഉമേഷ് യാദവും സ്റ്റോയ്നിസും വോക്സും ടോം കറനും പേസ് യൂണിറ്റിലുണ്ട്. അശ്വിനാണു കുന്തമുന. അക്ഷർ പട്ടേലും വെറ്ററൻ താരം അമിത് മിശ്രയും ഒപ്പമുണ്ട്.

പ്രധാന താരങ്ങൾ

ഋഷഭ് പന്ത്,ടോം കറാൻ,സ്റ്റീവ് സ്മിത്ത് ,ശിഖർ ധവാൻ,അജിങ്ക്യ രഹാനെ, സാം ബില്ലിംഗ്സ് ,ഉമേഷ് യാദവ് , ഇശാന്ത് ശർമ്മ,അക്ഷർ പട്ടേൽ,പൃഥ്വി ഷാ,മാർക്കസ് സ്റ്റോയ്നിസ്.

മലയാളിത്തിളക്കം

വെടിക്കെട്ട് ബാറ്റ്സ്മാൻ വിഷ്ണു വിനോദാണ് ടീമിലെ മലയാളി. വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിഷ്ണുവിനെ 20 ലക്ഷത്തിനാണ് ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

കോച്ച് : റിക്കി പോണ്ടിംഗ്

ആദ്യ മത്സരം

ഏപ്രിൽ 10

Vs ചെന്നൈ സൂപ്പർകിംഗ്സ്