ന്യൂഡൽഹി: രാജ്യത്ത് എഥനോളിന്റെ 422 പദ്ധതികൾക്ക് കേന്ദ്രസർക്കാർ പ്രാഥമികാനുമതി നൽകി. ഇതിലൂടെ പ്രതീക്ഷിക്കുന്ന നിക്ഷേപം 41,000 കോടി രൂപയാണ്. കരിമ്പ് കർഷകർ, പഞ്ചസാര മില്ലുകൾ, ധാന്യാധിഷ്‌ഠിത ഡിസ്‌റ്റിലറികൾ എന്നിവയ്ക്ക് നേട്ടമാകുന്ന നടപടിയാണിത്. പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടാനും തീരുമാനമുണ്ട്. ഇത്, ക്രൂഡോയിൽ ഇറക്കുമതി കുറയാനും 100 കോടി ഡോളർ (ഏകദേശം 7,300 കോടി രൂപ) ലാഭിക്കാനും സഹായിക്കും.
പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് നടപ്പുവർഷം ആറു ശതമാനത്തിൽ നിന്ന് 8.5 ശതമാനമാക്കും. അടുത്തവർഷം 10 ശതമാനത്തിലേക്കും 2025ഓടെ 20 ശതമാനത്തിലേക്കും ഉയർത്തും. 22 സംസ്ഥാനങ്ങളിലായുള്ള പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. 1,675 കോടി ലിറ്ററായിരിക്കും ഇവയുടെ സംയുക്ത ഉത്പാദനം. നിലവിൽ രാജ്യത്തെ എഥനോൾ ഉത്പാദനം 684 കോടി ലിറ്ററാണ്. മൂന്നുവർഷത്തിനകം ഇത് ഇരട്ടിയിലധികമായി വർദ്ധിക്കും.
എഥനോൾ ഉത്‌പാദനത്തിന് ആകർഷക നിബന്ധനകളിലൂടെ ബാങ്ക് വായ്‌പ ലഭ്യമാക്കും. പലിശയിൽ കേന്ദ്രസർക്കാർ ആറു ശതമാനം സബ്‌വെൻഷൻ നൽകും. ഒരുവർഷം മോറട്ടോറിയവുമുണ്ടാകും.
1,400 കോടി ലിറ്റർ
പഞ്ചസാര മില്ലുകൾ, ധാന്യ ഡിസ്‌റ്റിലറികൾ എന്നിവയിൽ നിന്നാണ് എഥനോൾ വാങ്ങുക. പഞ്ചസാരമില്ലുകളോടെ എഥനോൾ ഉത്പാദനത്തിനായി 60 ലക്ഷം ടൺ പഞ്ചസാര നീക്കിവയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
2025ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കണമെന്ന ലക്ഷ്യം കാണണമെങ്കിൽ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് 1,000 കോടി ലിറ്റർ എഥനോൾ വേണ്ടിവരും. കെമിക്കൽ വ്യവസായ മേഖലയ്ക്ക് 400 കോടി ലിറ്ററും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.