ബംഗളുരു: ഇതര മതസ്ഥയും സഹപാഠിയുമായ പെൺകുട്ടിയോടൊപ്പം യാത്ര ചെയ്തത് 23കാരനെ തല്ലിച്ചതയ്ക്കുകയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത് ബജ്‌റംഗ് ദൾ പ്രവർത്തകർ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ മംഗളുരു നഗരത്തിന്റെ തീരപ്രദേശ മേഖലയിൽ വച്ച് ഇന്നലെ രാത്രി 9.30 മണിയോട് അടുപ്പിച്ചാണ് സംഭവം നടന്നത്.
ചെറുപ്പക്കാരനും പെൺകുട്ടിയും യാത്ര ചെയ്തിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി, 23കാരനെ അതിൽനിന്നും പിടിച്ചിറക്കി ബജ്‌റംഗ് ദൾ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയോടൊപ്പം യുവാവ് യാത്ര ചെയ്തു എന്ന കാരണം പറഞ്ഞുകൊണ്ടാണ് യുവാവിനെ ഇവർ ആക്രമിച്ചത്.
തന്റെ സുഹൃത്തിനെ മർദ്ദിക്കുന്നത് കണ്ടുകൊണ്ട് തടയാനായി എത്തിയ പെൺകുട്ടിയെയും ഇവർ ഉപദ്രവിച്ചു. അക്രമികൾ യുവാവിന്റെ ഇടുപ്പിന്റെ ഭാഗത്തായി കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഏഴു മുതൽ എട്ട് വരെ ആളുകളെ അറസ്റ്റ് ചെയ്തുവെന്നും സംഭവവുമായി ബന്ധമുള്ള നാല് ബജ്‌റംഗ് ദൾ പ്രവർത്തകരെ ഉടൻ പിടികൂടുമെന്നും കർണാടക പൊലീസ് പറഞ്ഞു.
യുവാവിനെ വർഷങ്ങളായി പെൺകുട്ടിക്ക് അറിയാമായിരുന്നുവെന്നും പ്രദേശവുമായി പരിചയമില്ലാത്ത പെൺകുട്ടിയെ സഹായിക്കുന്നതിനായാണ് യുവാവ് അവരെ അനുഗമിച്ചതെന്നും മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ശശി കുമാർ വ്യക്തമാക്കുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമികൾക്കെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെയും യുവാവിനെയും കുറിച്ച് ആരാണ് അക്രമികൾക്ക് വിവരം നൽകിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ തീരപ്രദേശ മേഖലകളിൽ നേരത്തെയും വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.