world-cup2011

2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയതിന്റെ 10-ാം വാർഷികമായിരുന്നു ഇന്നലെ. കപിൽ ദേവിന്റെ ചെകുത്താൻമാർ 1983ൽ കിരീടം നേടിയ ശേഷം ഇന്ത്യയിലേക്ക് ആദ്യമായി എത്തിയ ഏകദിന ലോക കിരീടത്തെക്കുറിച്ച് അന്നത്തെ താരങ്ങൾ ഓർമ്മകൾ പങ്കുവയ്ക്കുന്നു.

ഫൈനലിൽ വിജയിച്ചപ്പോൾതന്നെ ലോകം മുഴുവൻ ഇളകി മറിയുന്നതുപോലെയുള്ള ഫീലായിരുന്നു.ഡ്രെസിംഗ് റൂമിൽ ഇരുന്നവരൊക്കെ കപ്പ് ഏറ്റുവാങ്ങുന്നതിന് മുമ്പേ കണ്ണീരണിഞ്ഞിരുന്നു.വളരെ കഷ്ടപ്പെട്ടാണ് ഞാൻ കരയാതിരുന്നത്

.- ധോണി.

എന്റെ ബാറ്റിംഗ് കിറ്റിൽ സച്ചിന്റെ ഒരു ബാറ്റിംഗ് ഫോട്ടോ ഞാൻ പതിച്ചിരുന്നു.ഒപ്പം അതേഷോട്ട് കളിക്കുന്ന എന്റേയും. ലോകകപ്പിൽ ഓരോ തവണ ഞാൻ കളിക്കാനിറങ്ങുമ്പോഴും ആർക്ക് വേണ്ടിയാണ് ഞാൻ കളിക്കുന്നത് എന്ന് ഒരിക്കൽക്കൂടി മനസിൽ ഉറപ്പിക്കുമായിരുന്നു.ലോകകപ്പ് നേടിയപ്പോഴുള്ള സച്ചിന്റെ സന്തോഷമാണ് മനസിൽ ഏറ്റവും തെളിഞ്ഞുനിൽക്കുന്നത്.

- യുവ്‌രാജ് സിംഗ്

ഫൈനലിൽ ധോണിയുടെ ഒരു സിക്സ് മാത്രമല്ല ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ആ ടീമിലെ ഒാരോരുത്തർക്കും വിജയത്തിൽ വ്യക്തമായ പങ്കുണ്ട്. ഫൈനൽ വിജയം മാത്രമല്ല കാര്യം.ഓരോ മത്സരത്തിലും വിജയത്തിന് പങ്കുവഹിച്ചവരുണ്ട്. ഇന്ത്യ ആ ലോകകപ്പ് വിജയത്തിൽ കുടുങ്ങിക്കിടക്കുകയല്ല വേണ്ടത്. മറ്റൊരു ലോകകപ്പ് നേടുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കേണ്ടത്.

- ഗൗതം ഗംഭീർ

ആത്മവിശ്വാസമായിരുന്നു ഞങ്ങളുടെ കൈമുതൽ. കപ്പ് നേടാൻ കഴിയുമെന്ന് തുടക്കം മുതലേ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു.സച്ചിന് വേണ്ടികൂടിയായിരുന്നു അന്ന് ഞങ്ങൾ കിരീടം നേടിയത്. നമ്മൾ വീണ്ടുമൊരു കിരീടം നേടാൻ സമയമായിരിക്കുന്നു.

- ഹർഭജൻ സിംഗ്

10 വർഷങ്ങൾക്ക് മുമ്പൊരു ഏപ്രിൽ രണ്ട്,ജീവിതത്തിൽ എക്കാലത്തേക്കും ഓർത്തുവയ്ക്കാൻ ഒരു ദിവസം

- വിരേന്ദർ സെവാഗ്