stalin

ചെന്നൈ: ഡി.എം.കെ നേതാവ് സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സ്റ്റാലിന്റെ മകളായ സെന്താമരയുടെ ഭർത്താവാണ് ശബരീശൻ. സ്റ്റാലിൻ ക്യാമ്പിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണദ്ദേഹം. എട്ടുമണിയോടെയാണ് ചെന്നൈയ്ക്ക് സമീപത്തെ നീലാങ്കരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വൈകുന്നേരം വരെ റെയ്ഡ് നീണ്ടു. ഡി.എം.കെ സ്ഥാനാർത്ഥി എം.കെ മോഹന്റെ മകനായ കാർ‌ത്തിക് മോഹന്റെ വീട്ടിലും റെയ്ഡ് നടന്നു. കഴിഞ്ഞമാസം മുതിർന്ന ഡി.എം.കെ നേതാവും സ്​ഥാനാർത്ഥിയുമായ ഇ.വി. വേലുവിന്റെ വീട്ടിൽ ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയിരുന്നു. അതേസമയം, റെയ്ഡ് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രമാണെന്നാരോപിച്ച് കോൺഗ്രസും ഡി.എം.കെയും രംഗത്തെത്തി. ഇന്ന് രാവിലെ ചെന്നൈയിൽനിന്ന് ഞാൻ തിരുച്ചിയിൽ എത്തി. മകളുടെ വീട്ടിൽ റെയ്ഡ് നടന്നതായി അറിഞ്ഞു. മോദി സർക്കാർ ഇപ്പോൾ എ.ഐ.എ.ഡി.എം.കെ സർക്കാരിനെ സംരക്ഷിക്കുന്നു. മോദിയോട് ഇത് ഡി.എം.കെ ആണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അത് മറക്കരുത്, ഞാൻ കലൈഞ്​ജറുടെ മകനാണ്. ഇത് കൊണ്ടൊന്നും ഞാൻ ഭയപ്പെടില്ല'' -സ്റ്റാലിൻ വ്യക്​തമാക്കി. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പിച്ചാൽ പ്രതിപക്ഷത്തെ റെയ്ഡ് ചെയ്യുക എന്നതാണ് ബി.ജെ.പിയുടെ പുതിയ തന്ത്രമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ട്വീറ്റ് ചെയ്തു.